ചെന്നൈ: യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ ഇന്ത്യയുടെ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് തങ്കവേലു മാരിയപ്പനെതിരെ കേസെടുത്തു. ലോറി ക്ലീനറായ സതീഷ് എന്ന പത്തൊന്‍പതുകാരന്റെ മരണത്തിലാണ് മാരിയപ്പനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ജൂണിലാണ് സേലത്ത് റെയില്‍വെ പാളത്തിന് സമീപം സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് തങ്കവേലു മാരിയപ്പനും സുഹൃത്തുക്കളും ചേര്‍ന്ന് സതീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
മാരിയപ്പനാണ് തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി കാണിച്ച് സതീഷിന്റെ അമ്മ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. സതീഷ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മാരിയപ്പന്റെ മഹീന്ദ്ര കാറിനോട് മത്സരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാരിയപ്പനും സുഹൃത്തുക്കളായ ശബരി യുവരാജ് എന്നിവരും ചേര്‍ന്ന് സതീഷിനെ മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് സതീഷിനെ റെയില്‍വെ പാളത്തില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും പരാതിയില്‍ പറയുന്നു.
മാരിയപ്പനും സുഹൃത്തുക്കളും ചേര്‍ന്ന് സതീഷിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപണമുണ്ട്. 2016 റിയോയില്‍ നടന്ന പാരാലിമ്പിക്‌സിലാണ് തങ്കവേലു ഹൈജമ്പില്‍ ഇന്ത്യക്കായി സ്വര്‍ണമെഡല്‍ നേടിയത്.
Post Your Comments