‘സ്വയം വരം’ മുതൽ ‘പിന്നെയും’ വരെയുള്ള തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങൾ കുട്ടികൾക്ക് മുമ്പിൽ പങ്കുവച്ച് അടൂർ ഗോപാലകൃഷ്ണൻ.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അടൂര്‍ ചലച്ചിത്രോത്സവത്തിന് സമാപനംകുറിച്ച് നടന്ന ‘അടൂരിനൊപ്പം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സിനിമയെയും വിലയിരുത്തിയും അവ ഉയര്‍ത്തിയ സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങള്‍ കുട്ടികളുമായി ചർച്ച ചെയ്യുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ജോലിക്കാരനായിരിക്കേ മലബാറിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കാനും താമസിക്കാനും കഴിഞ്ഞത് സാധാരണ മനുഷ്യരുടെ ജീവിതം അടുത്തറിയാനിടയായി എന്ന് അടൂർ പറഞ്ഞു.
അടൂര്‍ഭാസിയും അടുക്കള ഫലിതങ്ങളുമില്ലാതിരുന്നിട്ടും നന്നായി ഓടിയ ചിത്രമാണ് സ്വയംവരം. ഇതിന് കിട്ടിയ ദേശീയ അവാര്‍ഡ് തന്റെ മാത്രമല്ല, മലയാളസിനിമയുടെ കൂടി ജീവിതമാണ് മാറ്റിയത്. ഇന്ത്യയിലെ ദാരിദ്ര്യം പുറത്തുള്ളവരെ കാണിക്കുന്നതാണ് ഈ ചിത്രമെന്ന് വിമര്‍ശനമുണ്ടായി. സിനിമയിലൂടെയല്ല ഒരു രാജ്യത്തിന്റെ ദാരിദ്ര്യം പുറത്തറിയുന്നതെന്നതാണ് യാഥാര്‍ഥ്യം.
കഥാപാത്രങ്ങളുടെ ജീവിതപശ്ചാത്തലത്തിലായിരിക്കണം സിനിമയിലെ ഭാഷ. വള്ളുവനാടന്‍ ഭാഷ മാത്രമല്ല കേരളത്തിലുള്ളതെന്നോര്ക്കണം. ജീവിതത്തിന്റെ താളവും വേഗവുമാണ് തന്റെ സിനിമകളില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃത്രിമമായ വേഗവുമായി പൊരുത്തപ്പെട്ടതിനാലാണ് പുതിയ തലമുറയ്ക്ക് തന്റെ സിനിമകള്‍ക്ക് വേഗം പോരെന്നു തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച അടൂരിന്റെ ജന്മദിനം കൂടിയായിരുന്നു. സർവകലാശാലയിൽ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
Post Your Comments