ന്യൂഡല്‍ഹി: വ്യക്തിക്ക് സ്വന്തം ശരീരത്തിൽ എത്രത്തോളം എന്തിനൊക്കെ അവകാശമുണ്ടെന്ന വാദവുമായി സുപ്രീം കോടതിയിൽ വാദം. സ്വന്തം ശരീരത്തിലുള്ള ഒരു വ്യക്തിയുടെ അവകാശം പൂര്‍ണമല്ലെന്ന് കേന്ദ്ര സർക്കാർ. ആധാര്‍ കാര്‍ഡിനായി വിരലിന്റെയും നേത്രപടലത്തിന്റെയും അടയാളം ശേഖരിക്കുന്നത് വ്യക്തിയുടെ ശരീരത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആധാര്‍കാര്‍ഡിന്റെ സാധുതയുമായി ബന്ധപ്പെട്ട കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് സുപ്രീംകോടതിയില്‍ ഈ വാദം മുന്നോട്ടുവെച്ചത്.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം ഭേദഗതിചെയ്തതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വാദം നടക്കുന്നത്. ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വ്യക്തിക്ക് ശരീരത്തിന്മേല്‍ പൂര്‍ണമായ അവകാശമില്ല. ഇത്തരം അവകാശങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ നിഷേധിക്കാറുണ്ട്. അപൂര്‍വമായ ഘട്ടങ്ങളില്‍ മനുഷ്യന്റെ ജീവനെടുക്കാന്‍പോലും രാഷ്ട്രത്തിന് അവകാശമുണ്ടെന്ന് റോഹ്ത്തഗി വാദിച്ചു. എന്നാല്‍, കൃത്യമായ നിയമനടപടികള്‍ പാലിച്ചശേഷമേ അത്തരം അധികാരം വിനിയോഗിക്കാനാവൂ എന്ന് കോടതി ഓര്‍മിപ്പിച്ചു.
സര്‍ക്കാരിന് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ചുമതലയും ബാധ്യതയുമുണ്ടെന്ന് ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ അവകാശമാണ് അന്തസ്സോടെ ജീവിക്കുകയെന്നത്. ഒരു വ്യക്തിയെ നിര്‍ബന്ധിച്ച് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.
എന്നാല്‍ സ്വന്തമാണെന്ന കാരണത്താല്‍ ഒരാള്‍ക്ക് തന്റെ ശരീരത്തെ ദുരുപയോഗിക്കാന്‍ അവകാശമുണ്ടെന്ന് പറയാനാകുമോയെന്ന് എ.ജി. ചോദിച്ചു. മനുഷ്യര്‍ ഏതൊക്കെവിധത്തിലുള്ള ഫോട്ടോകളാണ് എടുക്കുന്നത്.വിദേശത്തുപോകുന്നവരുടെ വിരലടയാളം എടുക്കുന്നുണ്ട്. നമ്മളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും മൊബൈല്‍ ഫോണ്‍ വഴി കൈമാറുന്നതിന് ആര്‍ക്കും മടിയില്ല.
വിദേശത്തേക്കു പോകുന്നതിനുമുമ്പ് നമ്മുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നുണ്ട്. നേത്രപടലത്തിന്റെ അടയാളമെടുക്കുന്നത് ഫോട്ടോയെടുക്കുന്നതിനേക്കാള്‍ ഗുരുതരമായ കടന്നുകയറ്റമാണെന്ന് പറയാനാകുമോയെന്നും റോഹ്ത്തഗി ചോദിച്ചു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തങ്ങള്‍ എതിരല്ലെന്നും അവ പൗരന്റെ മൗലികാവകാശം ഹനിച്ചുകൊണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
Post Your Comments