കോട്ടയം: മോദിയുടെ ഡിജിറ്റൽ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ സി.പി.എം നേതാക്കളില്ല. സി.പി.എം നേതാക്കൾ രാജ്യത്തെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ നിന്നും കൂട്ടത്തോടെ വിട്ടു നിന്നു. രാജ്യത്തെ ആദ്യ ഡിജിറ്റൽ പഞ്ചായത്തായി അയ്മനം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡാണ് ശനിയാഴ്‌ച്ച പ്രഖ്യാപിച്ചത്. ചടങ്ങിൽ നിന്നും സി.പി.എം എംഎൽഎയായ സുരേഷ് കുറുപ്പും പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചനും വിട്ടുനിന്നു.
പരിപാടിക്കായി കേന്ദ്രമന്ത്രി വന്നിട്ടും സി.പി.എം പഞ്ചായത്ത് പ്രസിഡണ്ടോ ഇതര അനുഭാവി അംഗങ്ങളോ എത്തിയില്ല. സി.പി.എം വിട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായതിനാലാണെന്നാണ് അറിയുന്നത്. അതേ സമയം പങ്കെടുക്കാതിരുന്നത് മറ്റ് അസൗകര്യം കാരണമാണെന്നാണ് പാർട്ടിയുടെ വാദം. യുകെ പര്യടനത്തിലായതിനാൽ ജോസ് കെ മാണിയും ചടങ്ങനെത്തിയില്ല. ഇതോടെ ഉദ്ഘാടന ചടങ്ങ് സംഘപരിവാറിന്റെ സ്വകാര്യ ചടങ്ങായി മാറി. അയ്മനം പഞ്ചായത്തിലെ ബിജെപി വാർഡായ പതിനഞ്ചാം വാർഡാണ് രാജ്യത്തെ ആദ്യഡിജിറ്റൽ വാർഡായി കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രി കൃഷ്ണപാൽ ഗുജ്ജർ ഡിജിറ്റൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഈ വാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതി പ്രകാരമാണ് തെരഞ്ഞെടുത്തത്. രാജ്യത്തെ 30 ഗ്രാമപഞ്ചായത്തുകളിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത ഏക പഞ്ചായത്ത് വാർഡാണ് ഇത്. അയ്മനം പഞ്ചായത്തിനെ 2015 ജൂലൈ ഒന്നിനാണ് ഈ പദ്ധതിയിൽപ്പെടുത്തിയത്. ഇക്കാര്യം വീഡിയോ കോൺഫ്രൻസിലൂടെ അറിയിക്കുകയും ചെയ്തു.
ഇതോടെയാണ് ആദ്യഡിജിറ്റൽ പഞ്ചായത്താകാനുള്ള നടപടികൾക്ക് വേഗമേറിയത്. ഒരു വർഷത്തിനുള്ളിൽ തന്നെ ഏകദേശം പൂർത്തിയായി. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡിജിറ്റൽ അയ്മനം .കോം എന്ന വെബ്‌സൈറ്റിൽ ഈ വാർഡിന്റെ എല്ലാ വിവരങ്ങളും ഇനി വിവരങ്ങളും ഒരു മൗസ് ക്ലിക്ക് അകലെയായി. വാർഡിലെ 423 കുടുംബാംഗങ്ങളുടെയും എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ അറിയാം. വാർഡിലെ എല്ലാ വിവരങ്ങളും, പഞ്ചായത്ത്തല അറിയിപ്പുകളും പദ്ധതികളും അപേക്ഷകളും എല്ലാം ഡിജിറ്റലായി ലഭ്യമാക്കും.
15 വാർഡിലെ ബിജെപി അംഗമായ ദേവകിയാണ് വികസന സമിതിയുടെ പ്രസിഡന്റ്. മോദി സർക്കാരിന്റെ ജനോപകാര പദ്ധതികളിലൊന്നായ ഇത് അയ്മനം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമാകുമെന്ന് മന്ത്രി പറഞ്ഞു. ഓഫീസുകളെ ആശ്രയിക്കാതെ തന്നെ പൊതുജനങ്ങൾക്ക് സ്വന്തമായി രേഖകൾ കരസ്ഥമാക്കുവാൻ ഇതിലൂടെ കഴിയും. സാക്ഷരതയിലും പഠിപ്പിലും മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് ഏറെ സാധ്യതയുണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരി. ഉണ്ണികൃഷ്ണൻ മൂലയിൽ. ദേവകി അന്തർജനം എന്നിവർ പങ്കെടുത്തു.
Post Your Comments