Latest NewsNewsGulf

സൗദിയിൽ റെന്റ് എ കാര്‍ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനമാക്കി

സൗദി: സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കും. ട്രാഫിക് ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. വാഹനങ്ങള്‍ ആള്‍മാറാട്ടവും വ്യാജരേഖ ഉപയോഗിച്ചും വാടകക്കെടുത്തു കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ട്രാഫിക് ഡയറക്ടറേറ്റ് വ്യാജ രേഖ സമര്‍പ്പിക്കുന്നവരെ കണ്ടെത്താന്‍ റെന്റ് എ കാര്‍ എടുക്കുന്നവരുടെ പേരും വിലാസവും ഉറപ്പു വരുത്തുന്ന ഡബിള്‍ ചെക്കിംഗ് വെരിഫിക്കേഷന്‍ കോഡ് പദ്ധതി നടപ്പിലാക്കി.

ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനം നല്‍കുന്ന അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മൊബൈല്‍ ഫോണ്‍ നമ്പരില്‍ വെരിഫിക്കേഷന്‍ കോഡ് എസ്.എം.എസ് ലഭിക്കും. ഇതു പരിശോധിച്ചു തിരിച്ചറിയല്‍ രേഖയിലുളള ഉപഭോക്താവാണെന്ന് ഉറപ്പ് വരുത്തും. ഇങ്ങനെ പരിശോധിക്കുന്നതിനാല്‍ മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചും വാഹനങ്ങള്‍ വാടകക്കെടുക്കാന്‍ കഴിയില്ല.

തീവ്രവാദികളും കുറ്റവാളികളും വ്യാജ രേഖകള്‍ ഉപയോഗിച്ച് റെന്റ് എ കാര്‍ വാടകക്കെടുത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നിരവധി സംഭവങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ഉപയോഗിച്ചു വാടകക്കെടുക്കുന്ന കാറുകള്‍ തിരിച്ചേല്‍പിക്കാറുമില്ല. തിരിച്ചു നല്‍കാത്ത കാറുകള്‍ പൊളിച്ച് വില്‍ക്കുന്ന സംഘങ്ങളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം റിയാദില്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരോടൊപ്പം സഞ്ചരിച്ച ബാങ്കു ജീവനക്കാര്‍ക്കു നേരെ നിറയൊഴിച്ച് ഇരുപത് ലക്ഷം റിയാല്‍ കവര്‍ന്നിരുന്നു. ഇവര്‍ ഉപയോഗിച്ച കാര്‍ വ്യാജ രേഖ ഉപയോഗിച്ച് റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്നു സംഘടിപ്പിച്ചതാണെന്നു പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഡബിള്‍ ചെക്കിംഗ് വെരിഫിക്കേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button