Sports

ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചകള്‍ വീണ്ടും സജീവം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളിതാരം എസ്.ശ്രീശാന്ത് തിരിച്ചുവരുമോ? ഐ.പി.എല്‍ കോഴവിവാദത്തില്‍ ആരോപണവിധേയനാകുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ അനിശ്ചിതത്വത്തിലായി. പ്രാദേശിക മത്സരത്തില്‍പ്പോലും പങ്കെടുക്കാനോ ഗ്രൗണ്ടില്‍ ഇറങ്ങാനോ അനുവാദമില്ലാത്ത ഒരവസ്ഥ. ഒരു കായികതാരത്തെ സംബന്ധിച്ച് അത് ഒരിക്കലും സഹിക്കാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. ഒടുവില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് മാറ്റാന്‍ ബി.സി.സി.ഐ തയ്യാറായില്ല. അത്തരത്തില്‍ കാത്തിരിപ്പ് തുടരുന്നതിനിടെയാണ് ശ്രീശാന്തിനു ഇനിയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ അവസരമുണ്ടെന്ന ബി.സി.സി.ഐ വൈസ് പ്രസിഡന്റും മലയാളിയുമായ ടി.സി മാത്യുവിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. സുപ്രീംകോടതി ഇടപെട്ട് ബി.സി.സി.ഐ ഭാരവാഹികളെ ഒഴിവാക്കുകയും ഇടക്കാല സമിതിയെ നിയമിക്കുകയും ചെയ്തതോടെ ശ്രീശാന്തിനു വീണ്ടും ബി.സി.സി.ഐയുടെ വാതിലില്‍ മുട്ടാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.

എന്തായാലും ദേശീയ ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്ന് ടി.സി. മാത്യു വ്യക്തമാക്കി കഴിഞ്ഞു. 39 വയസുകാരനായ ആശിഷ് നെഹ്‌റയ്ക്ക് വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താമെങ്കില്‍ ശ്രീശാന്തിനും അത് കഴിയും. ശ്രീശാന്ത് ഇപ്പോഴും ഒരു മികച്ച ബോളര്‍ തന്നെയാണ്. ശ്രീശാന്ത് ഇപ്പോഴും നല്ല രീതിയില്‍ പരിശീലനം നടത്തുന്നുണ്ട്. രാഹുല്‍ ദ്രാവിഡും അനില്‍കുംബ്ലെയും അടക്കമുള്ളവര്‍ ശ്രീശാന്തിനെ ബൗളിങിനെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. ഏതായാലും ബി.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതി ശ്രീശാന്തിനെ കൈവിടില്ലെന്നു തന്നെ പ്രത്യാശിക്കാം. ഇടക്കാല ഭരണത്തലവന്‍ വിനോദ് റായിക്ക് ഇതുസംബന്ധിച്ച് കത്ത് അയയ്ക്കാന്‍ ടി.സി മാത്യു ശ്രീശാന്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ആജീവനാന്ത വിലക്കാണ് ബിസിസിഐ ഏര്‍പ്പെടുത്തിയത്. ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞിട്ടും വിലക്കിന്റെ വാള്‍ മാറിയില്ല. അതിനിടെ, സ്‌കോട്ടിഷ് ലീഗ് കളിക്കാന്‍ ശ്രീശാന്തിന് ക്ഷണം ലഭിച്ചിരുന്നു. ബിസിസിഐ അനുവദിച്ചാലെ ശ്രീശാന്തിന് കളിക്കാനാകൂ. ഇതേത്തുടര്‍ന്ന് തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ട്വിറ്ററിലൂടെ ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ പേസ് ബോളിങ് വിഭാഗം നല്ലൊരു ബോളര്‍ക്കായി ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് മികച്ച സീം പൊസിഷനും ഔട്ട് സ്വിങ്ങറും കൈമുതലായുള്ള ശ്രീശാന്ത് വിലക്കു നീങ്ങാന്‍ കാത്തിരിക്കുന്നത്. ഏതായാലും ബിസിസിഐയിലെ മാറിയ സാഹചര്യത്തില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ശ്രീശാന്ത്. 2007ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ടീമില്‍ ശ്രീശാന്ത് അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button