ഈ സ്വത്തുമുഴുവന്‍ ഒരു ട്രസ്റ്റാണ് നോക്കി നടത്തുന്നത്. ട്രസ്‌റ്റെന്നു പറഞ്ഞാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ പെങ്ങള്‍ സുഭദ്രേം. മോഹന്‍ലാല്‍ നായകനായ ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ജഗന്നാഥവര്‍മ്മ പറയുന്ന ഡയലോഗാണിത്. ഏതാണ്ട് ഇതുപോലെയാണ് തിരുവനന്തപുരം ലോ അക്കാദമിയിലും സംഭവിക്കുന്നത്. വിദ്യാര്‍ഥി സമരം ശക്തമാകുമ്പോഴും ലക്ഷ്മിനായര്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍സ്ഥാനം ഒഴിയേണ്ട എന്നാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം എടുത്തിരിക്കുന്നത്. യഥാര്‍ഥത്തില്‍ ട്രസ്റ്റ് ഭരണത്തിലാണ് ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഈ ട്രസ്റ്റ് ഭരണസമിതിയില്‍ അല്ലെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളവര്‍ ആരൊക്കെയാണെന്ന് അന്വേഷിക്കുമ്പോഴാണ് ഡയറക്ടര്‍ ബോര്‍ഡ് ലക്ഷ്മിനായര്‍ക്ക് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയെക്കുറിച്ചോര്‍ത്ത് ചിരിവരുന്നത്. ലക്ഷ്മിനായരുടെ പിതാവ് നാരായണന്‍നായരും നാരായണന്‍നായരുടെ സഹോദരനും മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍നായരുമാണ് ഈ ട്രസ്റ്റിലെ മുഖ്യസ്ഥാനീയര്‍. ട്രസ്റ്റിലുള്ള ഭൂരിഭാഗം പേരും ലക്ഷ്മിനായരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അത്തരം ഒരു സാഹചര്യത്തില്‍ അവരാരും ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍സ്ഥാനം രാജിവെക്കണമെന്ന് പറയില്ലല്ലോ.
പ്രിന്‍സിപ്പല്‍സ്ഥാനം രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലക്ഷ്മിനായരാണെന്നും ഇക്കാര്യം ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡിന് സാധിക്കില്ലെന്നുമാണ് ലക്ഷ്മിനായരുടെ ബന്ധുവും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ നാഗരാജന്‍ പ്രതികരിച്ചത്. തൊഴിലെടുക്കുക എന്നത് ഒരാളുടെ മൗലികാവകാശമാണെന്നും അത് നിഷേധിക്കാനാകില്ലെന്നും അതുകൊണ്ട് ലക്ഷ്മിനായര്‍ പദവി ഒഴിയേണ്ടതില്ലെന്നും ഇദ്ദേഹം പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ചു നടത്തിയ ചര്‍ച്ചയില്‍ നാരായണന്‍നായരും കൃഷ്ണന്‍നായരും നാഗരാജനും ഇതേനിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്. ഇതോടെ ആ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചുരുക്കത്തില്‍ അവസാന നിമിഷം വിഷയത്തില്‍ ഇടപെട്ട സി.പി.എമ്മിന്റെ കൈയ്യില്‍നിന്നും സമരം അവസാനിപ്പിക്കാനുള്ള അവസാനനീക്കം പാളിപ്പോവുകയാണ്.
അതേസമയം ലോ അക്കാദമിക്ക് യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ ഇല്ലെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുമെന്നാണ് കേള്‍ക്കുന്നത്. അവിടെ ചെല്ലുമ്പോഴും മറ്റൊരു അത്ഭുതം സംഭവിച്ചേക്കാം. അഫിലിയേഷന്‍ ഇല്ലാത്ത കോളേജില്‍ പഠിച്ച് നിയമബിരുദം കരസ്ഥമാക്കിയ അഭിഭാഷകരുടെ ജോലിപോലും ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകും. മാത്രമല്ല, ലോ അക്കാദമിയിലെ നിയമബിരുദത്തിന്റെ ബലത്തില്‍ ജഡ്ജിമാരാകുകയും അതിന്റെ പേരില്‍ അവര്‍ നടത്തിയ വിധിപ്രസ്താവവും നാളെ മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യപ്പെടാം. ചുരുക്കത്തില്‍ സര്‍ക്കാരും അഭിഭാഷകരും അതിനു മുകളിലുള്ളവരുമൊക്കെ ലോ അക്കാദമിയെന്ന കൂട്ടുകുടുംബ കൂട്ടായ്മയുടെ ഭാഗമായി സമൂഹത്തെ നോക്കി കൊഞ്ഞണം കുത്തുമെന്ന് ചുരുക്കം.
Post Your Comments