ന്യൂഡൽഹി: ഏഷ്യാ- പസിഫിക് മേഖലയിൽ സൈനികമേധാവിത്വം നേടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അനാവശ്യമായ ചൈനീസ് സൈനിക ഇടപെടൽ സുരക്ഷാ ഭീഷണി വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ നിയന്ത്രണം പാലിക്കാൻ മോദി ചൈനയോട് ആവശ്യപ്പെട്ടു. മോദി മുന്നറിയിപ്പ് നൽകിയത് ചൈനയുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു. ഡൽഹിയിൽ വച്ച് 65 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സുരക്ഷാ കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്.
മേഖലയിൽ നിലനിൽക്കുന്ന കടുത്ത വൈരാഗ്യബുദ്ധിയും സൈനികമായി മേധാവിത്വം കൈക്കലാക്കാനുള്ള മോഹവുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് മോദി വ്യക്തമാക്കി. സൈനിക കരുത്ത്, വിഭവങ്ങൾ, സമ്പത്ത് എന്നിവയിൽ കാര്യമായ വർധനയുണ്ടായത് ഏഷ്യ-പസിഫിക് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ ഗൗരവകരമായ വിഷയമാക്കി മാറ്റിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. അതേസമയം, അയൽരാജ്യങ്ങള്‍ തമ്മിലുള്ള സ്വരവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും മോദി അഭിപ്രായപ്പെട്ടു.
Post Your Comments