കൊച്ചി : സോളര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ഫോണ്‍ ഉപയോഗിച്ചു സംസാരിച്ചിട്ടുണ്ടെന്ന സലിംരാജിന്റെ മൊഴിയില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. സലിംരാജിന്റെ മൊഴി തള്ളിയാണ് ഉമ്മന്‍ചാണ്ടി രംഗത്ത് വന്നത്. സോളര്‍ കമ്മിഷന് ജസ്റ്റിസ് ജി.ശിവരാജനു മുന്നില്‍ ഹാജരായപ്പോഴാണു അദ്ദേഹം ഈ ആരോപണം നിഷേധിച്ചത്. സരിതയുമായി സംസാരിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഞ്ചു ഗണ്മാന്മാരാണു വിവിധ സമയങ്ങളിലായി ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും മൂന്നു ഗണ്മാന്മാരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ എട്ടു ഫോണ്‍ കോണുകള്‍ മാത്രമാണു വന്നിട്ടുള്ളതെന്നു മനസിലാകുമെന്നും സലിംരാജിന്റെ മൊഴി പൂര്‍ണമായി തെറ്റാണെന്നു ഇതില്‍ നിന്നു ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിംരാജ് 2012 ജൂലൈ മുതല്‍ 2013 മേയ് വരെ 416 ഫോണ്‍കോളുകള്‍ സരിതയുമായി നടത്തിയതിന്റെ രേഖകളാണു സോളാര്‍ കമ്മിഷനില്‍ ലഭിച്ചത്. എന്നാല്‍ സലിം രാജ് തന്നോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തെ കോളുകള്‍ എത്രയെന്നും, ഡ്യൂട്ടിയിലുള്ള സമയത്തെ ഫോണ്‍ കോളുകളുടെ സമയത്തു തന്റെ പരിപാടികള്‍ എന്തായിരുന്നുവെന്നും പരിശോധിച്ചാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം കമ്മിഷനില്‍ സമര്‍പ്പിച്ചു. സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സത്യസന്ധമായ അന്വേഷണമാണു നടന്നിട്ടുള്ളതെന്നും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ഏഴു മാസമായിട്ടും പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതി ഉയര്‍ത്താത്തത് ഇതിനു തെളിവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments