ബെംഗളൂരു : ആറരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടിയ കേസില്‍ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ കുഴപ്പത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. രണ്ടു മന്ത്രിമാര്‍ക്കു പണം വെളുപ്പിച്ചു നല്കിയെന്നു പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ പിഡബ്ല്യൂഡി കരാറുകാരന് രംഗത്ത്. മന്ത്രിമാരെക്കൂടാതെ നാലു ഐഎഎസ് ഓഫിസര്‍മാര്‍ക്കും അഞ്ച് ഐപിഎസ് ഓഫിസര്‍മാക്കും പണം വെളുപ്പിച്ചു നല്കാന് സഹായിച്ചു എന്നാണു പിടിയിലായ കരാറുകാരന് ചന്ദ്രകാന്ത് രാമലിംഗം സിബിഐക്കു നല്കിയ മൊഴി. ഇയാളില്‍നിന്നു ലഭിച്ച ഹാര്‍ഡ് ഡിസ്കില്‍ കൂടുതല്‍ തെളിവുകളുള്ളതായാണു സൂചന.
പുതിയ നോട്ടുകള്‍ അടക്കം 6.4 കോടി രൂപയുടെ കള്ളപ്പണം പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനിയര്‍മാരുടെയും കരാറുകാരുടെയും വീടുകളില്‍നിന്ന് നവംബര്‍ 30ന് കണ്ടെത്തിയിരുന്നു. ജനതാദള്‍ എസ് നേതാവും വ്യവസായിയുമായ കെ.സി.വീരേന്ദ്രയുടെ വീട്ടില്‍നിന്ന് 5.7 കോടി രൂപയും പണം സൂക്ഷിക്കുന്നതിനുള്ള രഹസ്യ അറയും കണ്ടെത്തിയിരുന്നു.
നോട്ട് പിന്‍വലിക്കലിനു ശേഷം രാജ്യത്ത് ഏറ്റവും അധികം കള്ളപ്പണം പിടികൂടിയതു കര്‍ണാടകയില്‍ നിന്നാണ്. പുതിയ 2000 രൂപ നോട്ടുകളാണു പിടിച്ചെടുത്തവയില്‍ ഏറെയും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടുമുതല്‍ രാജ്യത്താകമാനം ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുകയാണ്. ഇത്തരത്തില്‍ നടത്തിയ പരിശോധനകളില്‍ കൃത്യമായ രേഖകളില്ലാത്ത പിടിച്ചെടുത്ത പണത്തിന്റെ ഏറിയ പങ്കും ലഭിച്ചതു കര്‍ണാടകയില്‍ നിന്നാണ്. ആദായ നികുതി വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയ 48 കേസുകളില്‍ 23 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ബെംഗളൂരുവിലാണ്. അന്വേഷണം നേരിടുന്നവരില്‍ കര്‍ണാടകയിലെ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പിലെ കരാറുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.
Post Your Comments