NewsLife Style

ക്രിസ്തുമസ് ട്രീ ഒരുക്കുന്നതിന്റെ പ്രാധാന്യം

ജര്‍മ്മന്‍കാരാണ് ക്രിസ്തുമസിന് ക്രിസ്തുമസ് ട്രീ ഒരുക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടതെന്ന് പറയപ്പെടുന്നു. ആദ്യമായി വീടിനകത്ത് ക്രിസ്തുമസ് ട്രീ ഒരുക്കിയത് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ട്ടിന്‍ ലൂതറെന്ന ജര്‍മ്മന്‍ വൈദികനാണ് . പതിനാറാം നൂറ്റാണ്ടില്‍ പേഗന്‍ സമുദായത്തില്‍പ്പെട്ടവരും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരും ശൈത്യകാലത്തെ വരവേല്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഫര്‍ അഥവാ ദേവദാരു വൃക്ഷമാണ് ക്രിസ്തുമസ് ട്രീയായി ലോകത്താകമാനം ഉപയോഗിക്കുന്നത്.

ക്രിസ്തുമസ് ട്രീയുടെ മുകളില്‍ തൂക്കുന്ന നക്ഷത്രം സൂചിപ്പിക്കുന്നത് യേശുദേവന്‍ ജനിച്ച സമയത്ത് കാലിത്തൊഴുത്തിലേക്ക് പോകാനായി 3 ജ്ഞാനികൾക്ക് വഴി കാണിച്ച ബത്ലഹേമിലെ നക്ഷത്രത്തെയാണ്‌. സാധാരണയായി ഇത് ക്രിസ്തുമസ് ട്രീയുടെ മുകളിലാണ് തൂക്കാറുള്ളത്. എന്നാല്‍, ഈയിടെയായി അതിനുപകരം പുഷ്പചക്രമോ, പൂവോ, ചിലപ്പോള്‍ യേശുവിന്‍റെ രൂപമോ ക്രിസ്തുമസ് ട്രീയുടെ മുകളിലായി സ്ഥാപിക്കാറുണ്ട്.

‘ടിന്‍സല്‍’ ‘എസ്റ്റിന്‍സല്‍’ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുണ്ടായതാണ്. ടിന്‍സല്‍ അഥവാ വര്‍ണ്ണക്കടലാസുകള്‍ അലങ്കാരത്തിനു ഉപയോഗിക്കുന്നതാണ്. അത് ക്രിസ്തുമസ്സിന് മാത്രമല്ല, മറ്റു പല ആഘോഷങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. വെള്ളിനിറത്തിലുള്ള ഈ വര്‍ണ്ണക്കടലാസുകള്‍ മഞ്ഞിന്‍കണങ്ങളെയാണ് സൂചിപ്പിക്കുന്നത്.

മിഠായി വടികളുടെ ആകൃതി സൂചിപ്പിക്കുന്നത് ആട്ടിടയന്‍ തന്‍റെ ആടുകളെ വഴികാട്ടാന്‍ ഉപയോഗിച്ചിരുന്ന ഊന്നുവടിയെയാണ്. മിഠായി വടികളിലെ ചുവപ്പ് നിറം യേശുദേവന്‍റെ രക്തത്തെയും വെളുപ്പ് നിറം ക്രിസ്തുമത വിശ്വാസികളുടെ മോക്ഷത്തിനുശേഷമുള്ള ജീവിതത്തെയും സൂചിപ്പിക്കുന്നു.

അതുപോലെ പുഷ്പചക്രം സൂചിപ്പിക്കുന്നത് കുരിശിലേറ്റപ്പെടുന്ന സമയത്ത് യേശുദേവന്‍റെ തലയിലുണ്ടായിരുന്ന മുള്‍ക്കിരീടത്തെയാണ്. ഈ ആധുനിക കാലത്തില്‍, അതിനെ ദൈവ സ്നേഹത്തെയും ഒരിക്കലും നിലയ്ക്കാത്ത സന്തോഷത്തെയും സൂചിപ്പിക്കുന്ന അടയാളമായും കാണുന്നുണ്ട്. പൂക്കള്‍, ഇലകള്‍, ചിലപ്പോഴൊക്കെ പഴങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്ത് പല തരത്തില്‍ പുഷ്പചക്രം ഒരുക്കാം.

പല ആകൃതികളിലും നിറങ്ങളിലും ക്രിസ്തുമസ് ബെല്ലുകള്‍ ലഭ്യമാണ്. അനേകം പ്രമാണങ്ങളില്‍ പറയുന്നതനുസരിച്ച്, ആട്ടിടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുവിളിക്കാനായി ഉപയോഗിച്ചിരുന്ന മണികളെയാണ് ഈ ക്രിസ്തുമസ് ബെല്ലുകള്‍ സൂചിപ്പിക്കുന്നത്. ബെല്ലുകള്‍ സാധാരണ ക്രിസ്തുമസ് ട്രീകളില്‍ ഉപയോഗിക്കാറില്ല. മറിച്ച്, വീടുകളുടെ മുന്‍പിലാണ് വലിയ മണികള്‍ തൂക്കിയിടാറുള്ളത്. വിളക്കുകള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങളെ സൂചിപ്പിക്കുവാന്‍ മെഴുകുതിരികള്‍ കത്തിക്കുന്ന പതിവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button