കൊച്ചി● മലിനീകരണനിയന്ത്രണബോര്‍ഡിലെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന ഉന്നതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. കൊച്ചിന് മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) പെരിയാറിലേക്ക് മാലിന്യമൊഴുക്കി വിടുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ മേലുദ്യോഗസ്ഥര്‍ സമ്മര്ദ്ദത്തിലാഴ്ത്തുന്നുവെന്നും യോഗത്തില്‍ ചര്‍ച്ച വന്നതിനെത്തുടര്‍ന്നാണിത്.
സിഎംആര്‍എല്‍ മലിനീകരണമൊന്നും നടത്തുന്നില്ലെന്ന് മലിനീകരണനിയന്ത്രണബോര്‍ഡിലെ എലൂര്‍ വിഭാഗത്തിലെ എന്‍വയോണ്‍മെന്റ് എഞ്ചിനീയറായ എംപി ത്രിദീപ്കുമാറിന്റെ പത്രപ്രസ്താവന പിടി തോമസ് എംഎല്‍എ യോഗത്തില്‍ ഉന്നയിക്കുകയും വിശദീകരണമാവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മറുപടി പറഞ്ഞ ത്രിദീപ് കുമാര്‍ താന്‍ അങ്ങനെയൊരു പ്രസ്താവന നല്‍കിയിട്ടില്ലെന്നും സിഎംആര്‍എല്‍-നെതിരെ റിപ്പോര്‍ട്ടു നല്കിയ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളുടെ ഭാഗമാണിതെന്നും വിശദീകരിച്ചു.
സെപ്തംബര്‍ 23-ന് സിഎംആര്‍എല്‍ മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിയതായി മലിനീകരണനിയന്ത്രണബോര്‍ഡ് മനസ്സിലാക്കുകയും അതേ തുടര്‍ന്ന് സെപ്തംബര്‍ 27-ന് സിഎംആര്‍എല്‍-ന് വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കുകയും ചെയ്തു. അന്നേദിവസം തന്നെ ത്രിദീപ്കുമാറിന്റെ നടപടിക്കെതിരെ ബോര്‍ഡ് ചെയര്മാന് മൂന്നംഗ അന്വേഷണകമ്മീഷന് രൂപീകരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.
സിഎംആര്‍എല്‍ മാലിന്യമൊഴുക്കിയതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ത്രിദീപ്കുമാര്‍ ഒക്ടോബര്‍ 4-ന് അന്വേഷണകമ്മീഷന് മുമ്പാകെ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് സിഎംആര്‍എല്‍-ന്റെ വിശദീകരണം ലഭിച്ച ശേഷവും കമ്പനി ഗുരുതരമായ മാലിന്യപ്രശ്നമുണ്ടാകുന്നുവെന്ന് കാണിച്ച് ഒക്ടോബര്‍ 27-നും നവംബര്‍ 7-നും ത്രിദീപ്കുമാര്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കി. പലവിധസമ്മര്‍ദ്ദങ്ങള്‍ താനനുഭവിച്ചുവെന്നും ഇതിന്റെ ഭാഗമായാണ് താന്‍ നടത്താത്ത പ്രസ്താവനകള്‍ ചില പത്രങ്ങളിലൂടെ വരുന്നതെന്നും ഉദ്യോഗസ്ഥന് വിശദീകരിച്ചു. നിഷേധക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും അവ പ്രസിദ്ധീകരിക്കുകയുണ്ടായില്ല. യോഗത്തില്‍ സംബന്ധിച്ച എലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സിജി ബാബു ത്രിദീപ് കുമാറിനെ പിന്താങ്ങുകയും സിഎംആര്‍എല്‍ പുഴയിലേക്ക് മാലിന്യമൊഴുക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. കിണറുകളിലും പുഴയിലും മാലിന്യങ്ങള്‍ കലരുന്നതു മൂലം രൂക്ഷമായ പ്രശ്നമാണ് നാട്ടുകാര്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സ്വന്തം കടമ നിര്‍വഹിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റുന്ന അഴിമതിക്കാരായ മേലുദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പി ടി തോമസ് എംഎല്‍എ പ്രമേയമവതരിപ്പിക്കുകയും യോഗം എകകണ്ഠമായി പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു.
Post Your Comments