ന്യൂഡല്‍ഹി : സാധാരണ പാസ്‌പോര്‍ട്ടുകള്‍ ഇനി ഓര്‍മ്മയാകാന്‍ പോകുന്നു. പുതിയ ഇ-പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിലവില്‍ വരും. ഇ-പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചു. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിന് ഇ-പാസ്‌പോര്‍ട്ട് നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയതായും, ആഗോള തലത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ സെക്യൂരിറ്റി പ്രസ്സിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണെന്നും വി.കെ സിംഗ് പറഞ്ഞു.
വ്യാജ പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ-പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കേയാണ് ഇ-പാസ്‌പോര്‍ട്ട് നടപ്പിലാക്കാനുള്ള പുതിയ തീരുമാനം. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടില്‍ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ചിപ്പില്‍ രേഖപ്പെടുത്തും. സാധാരണ പാസ്‌പോര്‍ട്ടില്‍ നല്‍കുന്ന എല്ലാ വിവരവും ഇനി ഇലക്ട്രോണിക് ചിപ്പിലാവും രേഖപ്പെടുത്തുക.
Post Your Comments