കൊച്ചി: ഗുണ്ടാപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് നടപടികള്‍ നേരിടുന്ന സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍ സക്കീര്‍ കീഴടങ്ങിയേക്കും എന്നാണ് സൂചന.
കോടതിയില്‍ സക്കീറിന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഗുണ്ടാപ്രവര്‍ത്തനം എന്തിനാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ചോദിച്ചു. പതിനാറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സക്കീറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പോസിക്യൂട്ടര്‍ വാദിച്ചു.
സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സക്കീറിനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. ഇന്നലെ ചേര്‍ന്ന സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് സക്കീറിനെതിരെ നടപടി കൈക്കൊണ്ടത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി കെ മോഹനനാണ് പുതിയ ഏരിയാ സെക്രട്ടറി. ജില്ലാ സെക്രട്ടറി പി രാജീവാണ് സക്കീറിനെതിരായ നടപടി മാധ്യമങ്ങളെ അറിയിച്ചത്.
Post Your Comments