കണ്ണൂര്: കണ്ണൂരിൽ ജില്ലാ കളക്ടർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ തീരുമാനം. രാഷ്ട്രീയ സംഘർഷങ്ങളവസാനിപ്പിച്ച് ഒരുമിച്ച് നിൽക്കാൻ ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ തീരുമാനമായി. സാമൂഹിക മാധ്യമങ്ങൾ വഴി പ്രകോപനങ്ങൾ സൃഷ്ടിച്ചാൽ ഉടനടി നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ ബിജെപി വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും അവസാനിമിഷം യോഗത്തിൽ പങ്കുചേർന്നു. എന്നാൽ ഇതേ തുടർന്ന് സിപിഎം പക്ഷത്ത് നിന്ന് പ്രമുഖ നേതാക്കൾ വിട്ടുനിന്നു.
എല്ലാ മാസവും സർവ്വകക്ഷി യോഗം ചേരും. സംഘർഷമുണ്ടായാൽ ഉടനടി യോഗം ചേർന്ന് ആക്രമിക്കപ്പെട്ട ആളുകൾ, വീടുകൾ എന്നിവ ഒരുമിച്ച് സർവ്വകക്ഷി സംഘം സന്ദർശിക്കും. ഏതെങ്കിലും പ്രദേശങ്ങളിൽ അക്രമമുണ്ടായാൽ ആ പ്രദേശത്തെ നേതാക്കൾക്കും ഉത്തരവാദിത്തമുണ്ടാകും. കൂടാതെ വീടാക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനും, കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിലെടുക്കാൻ എത്തുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി.
തീരുമാനങ്ങളോട് എല്ലാ പാർട്ടികളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം അക്രമങ്ങളുണ്ടായാൽ തടയുക എന്നതിലപ്പുറം നിസാരപ്രശ്നങ്ങൾ രാഷ്ട്രീയമായി വളർന്ന് സംഘർഷത്തിലെത്തുന്നതും, ആയുധങ്ങൾ ശേഖരിക്കുന്നതും അടക്കമുള്ള പ്രധാന പ്രശ്നങ്ങളിൽ ധാരണയോ തീരുമാനമോ ഉണ്ടായില്ല. സിപിഎമ്മിന് വേണ്ടി ജില്ലാ സെക്രട്ടറിയോ പ്രമുഖ നേതാക്കളോ യോഗത്തിൽ പങ്കെടുത്തില്ല. ഇക്കാര്യത്തിൽ ബിജെപിക്കുള്ള അതൃപ്തി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.
Post Your Comments