കൊച്ചി : വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി മോഷണം. പാലുല്‍പ്പന്ന കമ്പനിയുടെ വിതരണക്കാരനായ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടത്തിയത്. വീട്ടില്‍ നിന്നു 60 പവന് സ്വര്‍ണവും 25,000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ മൂന്നു പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുവാദം നല്കി. സര്‍വീസില്‍ നിന്നു നീക്കം ചെയ്യപ്പെട്ട മുന്‍ എഎസ്ഐ: രഞ്ചന്‍(54), നസീര്‍ (46), രാജന്‍കുമാര്‍ (43) എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണു നടത്തുന്നത്.
പരിശോധനക്കെന്ന പേരില്‍ മുറികളില്‍ കയറിയിറങ്ങിയ സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കൈക്കലാക്കിയതു വീട്ടുകാര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും ഇവര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. സിദ്ദീഖ് പള്ളിയില്‍ പോയ തക്കത്തിനാണു പ്രതികള്‍ വീട്ടിലെത്തിയത്. ഒരാള്‍ പൊലീസ് യൂണിഫോമിലായിരുന്നു. സിദ്ദീഖിന്റെ ഭാര്യയും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സിദ്ദീഖ് ബെനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണു പരിശോധന നടക്കുന്നതെന്നാണു പ്രതികള്‍ വീട്ടുകാരോടു പറഞ്ഞത്.
പള്ളിയില്‍നിന്നു മടങ്ങിയെത്തിയ സിദ്ദിഖിനോടും ഇതു തന്നെയാണു പ്രതികള്‍ പറഞ്ഞത്. പരിശോധന കഴിഞ്ഞു വീടിന്റെ പിന്‍വശത്തെ വാതിലിലൂടെയാണു സംഘം പുറത്തിറങ്ങിയത്. പരാതി വ്യാജമാകാമെന്നും പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചില്ലെന്നും പറഞ്ഞ ശേഷം എല്ലാവരും കാറില്‍ കയറി. കൂട്ടത്തില്‍ ഒരാളുടെ കൈവശം ബാഗു കണ്ടു സംശയം തോന്നി സിദ്ദീഖ് അലമാര പരിശോധിച്ചപ്പോഴാണു സ്വര്‍ണവും പണവും നഷ്ടപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.
Post Your Comments