തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തില്‍ എന്നും തിരക്കാണ്. ലക്ഷക്കണക്കിനു ഭക്തരാണ് നിത്യേന മലകയറുന്നത്. അവധിദിവസങ്ങളില്‍ ഇതിലും കൂടുതലായിരിക്കും. ഭക്തര്‍ക്ക് ദര്‍ശന സമയം മുന്‍കൂട്ടി അറിയുവാനായി ദേവസ്ഥാനം ടോക്കണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുപ്പതി, റെയില്‍വേ സ്റ്റേഷന്, ബസ്സ് ടെര്‍മിനല്‍സ് എന്നിവിടങ്ങളും ദേവസ്ഥാനസത്രങ്ങളിലും ഇതിന് സൗകര്യമുണ്ട്. സൗജന്യദര്ശനമായാലും, ടിക്കറ്റ് എടുത്തുള്ളതായാലും, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൊടുക്കുന്ന ഈ ടോക്കണ്‍ മാറ്റാന്‍ സാദ്ധ്യമല്ല.
ഇതില്‍ ദര്‍ശന ദിവസം, നേരം, എല്ലാം രേഖപ്പെടുത്തിയിരിക്കും. ആ സമയത്ത് ക്യൂവില്‍ കയറി നിന്നാല്‍ മതി. പണമടച്ച് സാധാരണ ടിക്കറ്റ് ടോക്കണ്‍ എടുക്കണം. ഫീസിനനുസരിച്ച് 1,2,3 ക്രമത്തില്‍ ലഡു പ്രസാദമായി ലഭിക്കും. പണമടയ്ക്കാതെ പോയി തൊഴാന്‍ വൈകുണ്ഠ കോപ്ളക്സില്‍ പോയാല്‍മതി. സമയം കുറച്ചെടുക്കും. മേലെ 5500ല്‍ അധികം കോട്ടേജ്ജുകള് ഉണ്ട്. ഇതില്‍ ഇരുപതിനായിരം പേര്‍ക്ക് താമസിക്കാം.
അംഗപ്രദക്ഷിണത്തിന് തലേദിവസം തന്നെ മലയില്‍ ഉള്ള വിജയാബാങ്കില്‍ ശീട്ടാക്കണം.
രാത്രി 8 മണിക്ക് മുമ്പ് പോകണം. സൗജന്യമാണ്. രാത്രി 2 മണിക്ക് വരാഹ തീര്‍ത്ഥത്തില്‍ കുളിച്ച് ഈറനുടുത്ത് കാത്തുനില്ക്കണം സഹായത്തിന് ഒരാളെ കൊണ്ടുപോകാം. അംഗപ്രദിക്ഷണം കഴിഞ്ഞ ഉടനെ ഇരുവര്‍ക്കും ക്ഷേത്രത്തില്‍ കയറി തൊഴാം. മൊട്ടയടിക്കാനുള്ള സ്ഥലത്തിന് കല്യാണഘട്ടം എന്നു പറയുന്നു. ദിവസേന പതിനയ്യായിരം പേര് ഈ വഴിപാടു നടത്തുന്നു. ക്ഷേത്രക്കുളം പുഷ്ക്കരണി എന്ന് പേരിലാണ് അറിയപ്പെടുന്നത്. സ്ത്രീപുരുഷന്മാര്ക്ക് പ്രത്യേക സ്നാനഘട്ടങ്ങള്‍ ഉണ്ട്. പണം, പണ്ടം, ആള്‍രൂപം, ഒസ്യത്ത് മുതലായ രേഖകള്‍ ഭണ്ഡാരത്തില് മാത്രം നിക്ഷേപിക്കുക. വരുമാനം എല്ലാം ജനനന്മക്കായാണ് ചിലവഴിക്കുന്നത്.
ദേവലോകത്തുനിന്ന് തെറ്റിപ്പിരിഞ്ഞുപോന്ന് പത്മാവതിയെ തേടി തിരുപ്പതിയിലെത്തിയ വെങ്കിടേശന് സ്ത്രീധനമായി നല്കുവാന് കുബേരന്റെ കയ്യില്‍ നിന്ന് വാങ്ങിയ കടം ഇനിയും കൊടുത്തു തീര്ത്തില്ലത്രെ. കൊടുക്കുന്നതെല്ലാം പലിശയിനത്തിലേക്ക് എന്നാണ് ‘കുബേരന്’ പറയുന്നത്. മുതലിലേക്ക് ഇനിയും വാരിക്കോരി കൊടുക്കണം. അത് ഭക്തരുടെ ചുമതലയാണ്. ആ ചുമതലയാണ് കാണിക്കയിട്ട് നിറവേറ്റുന്നത് എന്നതാണ് ഐതീഹ്യം
Post Your Comments