ന്യൂഡല്‍ഹി: ബജറ്റിന് പുറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സര്‍ക്കാരിനെ വിലയിരുത്താന്‍ 100 ദിവസം മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെ അനുകരിച്ചതല്ല, ആകാശവാണി ആവശ്യപ്പെട്ടിട്ടാണ് പ്രഭാഷണം നടത്തിയതെന്നും അദ്ദേഹം പറയുകയുണ്ടായി.ബജറ്റിന് പുറത്ത് സമാഹരിക്കുന്ന അമ്പതിനായിരം കോടി രൂപ അടിസ്ഥാന സൗകര്യ വികസനം, മൂലധന നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വിനിയോഗിച്ച് വികസനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സുകള്‍ ഇറങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
100 ദിവസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ സഞ്ചരിക്കുന്ന ദിശയെക്കുറിച്ച് സൂചന നല്‍കുന്നതാണ്. വികസനത്തിനുതകുന്ന ദീര്‍ഘകാല പദ്ധതി, ജനങ്ങള്‍ക്ക് ആശ്വാസരകമാകുന്ന അടിയന്തിര നടപടികള്‍ ഇങ്ങനെ പ്രധാനമായും രണ്ട് രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്നും ഇവ രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.37200 പേര്‍ക്ക് ക്ഷേമ പെന്ഷന് കുടിശ്ശിക വീടുകളില്‍ എത്തിച്ചു നല്കുന്ന പദ്ധതി നടപ്പാക്കി. പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതുവഴി 18000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കാര്‍ഷിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടിയുടെ പാക്കേജാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.കൂടാതെ നവംബര്‍ ഒന്നോടു കൂടി എല്ലാവര്ക്കും ശുചിമുറി യാഥാര്‍ത്ഥ്യമാക്കും. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി 150 കോടി രൂപ സിവില്‍ സപ്ലൈസ് കോര്പറേഷന് നീക്കിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് കർഷകരുടെ ജപ്തിഭീഷണി നേരിടാനുള്ള കടാശ്വാസ പദ്ധതി ആവിഷ്കരിക്കുമെന്നും എട്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പിൽവരുത്തുമെന്നും മാലിന്യനിര്‍മാര്‍ജ്ജനത്തിന് ജനപങ്കാളിത്തത്തോടെഹരിത കേരളം പദ്ധതി നടപ്പാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.കൂടാതെ മത്സ്യത്തൊഴിലാളികളുടെ ആശ്വാസത്തിന് 50 കോടി അനുവദിച്ചിട്ടുണ്ടെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടബാധ്യതയില്‍ മൊറോട്ടോറിയം പ്രഖ്യാപിക്കുമെന്നും പരാമർശിച്ചിട്ടുണ്ട്.
കൂടാതെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍നിന്ന് പുതിയ തലമുറയെ അകറ്റിനിര്‍ത്താന്‍ നടപടി സ്വീകരിക്കും ,ആദ്യഘട്ടത്തില്‍ ഓരോ മേഖലയിലെയും തിരഞ്ഞെടുത്ത താലൂക്ക് ആസ്ഥാനത്ത് ഒന്നില്‍ നൂറ് വീടുകള്‍ എന്ന കണക്കില്‍ ആറ് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
Post Your Comments