കോഴിക്കോട്: കെസി അബു തനിക്കെതിരെ നടത്തിയ പരിഹാസപൂര്‍ണ്ണമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. കെസി അബുവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടത് കോഴിക്കോട്ടെ ചെറുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ബല്‍റാം പ്രതികരിച്ചത്. നേരത്തേ മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ചയാളാണ് ബല്‍റാമെന്നാണ് അബു പരിഹസിച്ചത്. ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായമാണ് ബല്‍റാമിന്റേതെന്നും അബു പരിഹിസിച്ചിരുന്നു.
ബല്‍റാമിന്റെ മറുപടിയുടെ പൂര്‍ണ്ണരൂപം വായിക്കാം:
ഈ വാദത്തിന് മറുപടി പറയേണ്ടത് കോഴിക്കോട്ടെ ചെറുപ്പക്കാരായ കോൺഗ്രസ് നേതാക്കളാണ്. കോഴിക്കോട് ജില്ലയിൽ കഴിവുള്ള ആരും കോൺഗ്രസ്സിലെ പുതുതലമുറയിൽ ഇല്ലാത്തതുകൊണ്ടാണോ പാർട്ടിയെ തോൽവികളിൽ നിന്ന് തോൽവികളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഈ മഹാനായ ജനകീയ നേതാവ് തന്നെ വർഷങ്ങളായി ജില്ലാ അധ്യക്ഷപദവിയിൽ തുടരുന്നതെന്ന ചോദ്യം പ്രസക്തമാണ്.
പിന്നെ മുട്ടയിൽ നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാൽ അതുപയോഗിച്ച് വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കിൽ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുർഗന്ധം എല്ലാവരും എല്ലായ്പ്പോഴും സഹിച്ചുകൊള്ളണമെന്നില്ല. ഗ്രൂപ്പ് ഇൻക്യുബേറ്ററുകളിൽ അടവെച്ച് വിരിയിക്കപ്പെടുന്നവർ മാത്രം പോര കോൺഗ്രസ്സിൽ എന്ന് ഓർക്കുന്നത് നല്ലതാണ്.
കഴിവുള്ള യുവ നേതൃത്വം വളര്‍ന്ന് വരാത്തത് കൊണ്ടാണ് പഴയ തലമുറ മാറാത്തതെന്നും ബല്‍റാമിനെ വിമര്‍ശിച്ച് അബു പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ പഴയ തലമുറ മാറി നില്‍ക്കാത്തത് കൊണ്ട് പുതിയ തലമുറയ്ക്ക് അവസരം ലഭിക്കുന്നില്ലെന്ന് വിടി ബല്‍റാം പ്രസ്താവിച്ചിരുന്നു. അറുപത് വയസുള്ള ആര്. ശങ്കറിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞിരുന്നു. ഇന്നലെ തിരുവന്തപുരത്ത് നടന്ന കെഎസ്യു കൂട്ടായ്മയിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
Post Your Comments