KeralaNews

പച്ചക്കറി വില കുറയുന്നു: ആശങ്കയില്ലാതെ ഓണമാഘോഷിക്കം

പച്ചക്കറികളുടെ വില കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞുവരികയാണ്‌. ഇടയ്‌ക്ക് വന്‍തോതില്‍ വില ഉയര്‍ന്ന ഇനങ്ങളെല്ലാം സാധാരണ വില നിലവാരത്തിലേക്കെത്തി. പച്ചക്കറിക്കിപ്പോള്‍ കാര്യമായ ക്ഷാമവുമില്ല. ഓണക്കാലത്ത്‌ പച്ചക്കറി വില കുതിച്ചുയരുന്നത്‌ പതിവു വാര്‍ത്തയാകാറുണ്ടെങ്കില്‍ ഇത്തവണ സ്‌ഥിതി വ്യത്യസ്‌തമാണ്‌.

ഇടയ്‌ക്കുണ്ടായ ക്ഷാമവും ഇപ്പോഴില്ല. തമിഴ്‌നാട്ടില്‍ നിന്നാണ്‌ കാര്യമായി വിപണിയിലേക്ക്‌ പച്ചക്കറി എത്തുന്നത്‌. നാടന്‍ ഇനങ്ങള്‍ നാട്ടിലെ കര്‍ഷകരും വിപണിയില്‍ എത്തിക്കുന്നു എന്നതിനാല്‍ പതിവു പൂഴ്‌ത്തിവയ്‌പ്പ് രീതിയിലേക്ക്‌ ഇടത്തട്ടുകാര്‍ പോകാത്തതും വിലക്കുറവിനു കാരണമാണ്‌.

മിക്ക ഇനങ്ങള്‍ക്കും കൂടിയ വില കുറയുന്ന അവസ്‌ഥയാണ്‌. ഒരുവേള വില ഉയര്‍ന്ന്‌ പൊന്നിനു തുല്യമായിരുന്ന തക്കാളിക്ക്‌ വിലയിപ്പോള്‍ 10 രൂപ മാത്രം. 40 രൂപയില്‍ നിന്ന്‌ പടിപടിയായി വില കുറയുകയായിരുന്നു. ജനപ്രിയ ഇനങ്ങള്‍ക്കെല്ലാം ന്യായ വില ഉറപ്പാകുമെന്ന സൂചനയാണിപ്പോഴത്തേത്‌. കിലോഗ്രാമിന്‌ 40 രൂപ വിലയുണ്ടായിരുന്ന പയറിന്‌ 20രൂപയും ബീന്‍സിനും അമരക്കയ്‌ക്കും കൈപ്പയ്‌ക്കും 30 രൂപയുമായി വില കുറഞ്ഞു. വെണ്ടക്കിപ്പോള്‍ വില 40 രൂപയാണ്‌. നേരത്തെ ഇത്‌ 60 രൂപയായിരുന്നു. കാബേജിന്‌ 30ല്‍ നിന്ന്‌ 10 രൂപ കുറഞ്ഞ്‌ വില 20 രൂപയായി. മുരിങ്ങക്കായ്‌ക്ക് 20 രൂപ കുറഞ്ഞ്‌ 40 രൂപയാണ്‌ വിപണി വില.

ഈ നിലയില്‍ മിക്ക ഇനങ്ങള്‍ക്കും ഇനിയും വില കുറയുമെന്നാണ്‌ പ്രതീക്ഷ. അനുകൂല കാലാവസ്‌ഥയില്‍ ഉത്‌പാദനം മികച്ച രീതിയില്‍ തന്നെ നടക്കുന്നുണ്ട്‌. ജൈവ കര്‍ഷക സംഘങ്ങളും പച്ചക്കറി കൃഷിയില്‍ ശ്രദ്ധയൂന്നിയത്‌ ഫലം കണ്ടു. ഓണക്കാലത്ത്‌ വിലയേറുന്ന പതിവു പ്രവണതക്ക്‌ ഇതുകൊണ്ടു തന്നെ സാധ്യത നിലവിലില്ല.

shortlink

Post Your Comments


Back to top button