തിരുവനന്തപുരം : ബിവറേജുകളില്‍ ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ക്യൂ സമ്പ്രദായം അപരിഷ്കൃതമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. മാത്രമല്ല ബിവറേജസ് ഔട്ട്ലറ്റില് മദ്യം വാങ്ങാനെത്തുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും ജീവനക്കാര്‍ക്കുനേരെ മോശം പെരുമാറ്റമുണ്ടാകുന്നതും കൂടി കണക്കിലെടുത്താണു നടപടി.
ജനത്തിരക്കുള്ള ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റുകളിലെ ക്യൂ ഒഴിവാക്കാനായി ഓണത്തിന് മുന്‍പ് തന്നെ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കും. ഇതിനുശേഷം തിരക്കുള്ള ഔട്ട്ലറ്റുകള് പരിഷ്ക്കരിക്കുന്ന നടപടികളും തുടങ്ങും. തിരക്കുള്ള ഔട്ട്ലറ്റുകളെ, മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള മദ്യം സ്വയം തിരഞ്ഞെടുക്കാന്‍ കഴിയുന്നതരത്തില്‍ പ്രീമിയം കൗണ്ടറുകളാക്കാനാണ് പദ്ധതി. ഇപ്പോള്‍ തന്നെ പ്രീമിയം കൗണ്ടറുകളുണ്ടെങ്കിലും എണ്ണത്തില്‍ കുറവാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ തിരക്കുള്ള ഔട്ട്ലറ്റുകള് പ്രീമിയം കൗണ്ടറാക്കി മാറ്റുന്നതാണ് പദ്ധതി.
ഇതിനായി സ്ഥല സൗകര്യമുള്ള ഔട്ട്ലറ്റുകളില് ബിവറേജസ് കോര്പ്പറേഷന് പരിശോധന ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്ലറ്റുകള് പ്രീമിയം കൗണ്ടറുകളാക്കി മാറ്റും. ഇതോടെ മദ്യം വാങ്ങാന്‍ റോഡരികില്‍ ക്യൂ നില്ക്കുന്ന അവസ്ഥയ്ക്കാണ് മാറ്റമുണ്ടാകുന്നത്. ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റുകളിലെ വലിയ ക്യൂ പലപ്പോഴും ഗതാഗത തടസം ഉണ്ടാക്കാറുണ്ട്. ഇതെല്ലാം ഒഴിവാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
Post Your Comments