കൊച്ചി ● കേരളത്തില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിച്ച് പോലീസിന്റെ റിപ്പോര്‍ട്ട്. ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഖുറേഷിയേയും റിസ്വാനേയും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മലയാളികളുടെ ഐ.എസ് ബന്ധം പൊലീസ് സ്ഥിരീകരിക്കുന്നത്. ആദ്യമായാണ് മലയാളികളുടെ ഐ.എസ് ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
എറണാകുളത്ത് നിന്നും കാണാതായ മെറിന്‍ ജേക്കബിനെ ഭര്‍ത്താവ് യഹിയയും മുംബൈയില്‍ നിന്നും അറസ്റ്റിലായ ഖുറേഷിയും ചേര്‍ന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഖുറേഷി, യഹിയ, റിസ്‍വാന്‍ ഖാന്‍ എന്നിവരാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രതികള്‍. ഖുറേഷിയും റിസ്‍വാന്‍ ഖാനും സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരാണ്. രാജ്യദ്രോഹത്തിനും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നതിനു വേണ്ടി ഈ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളും പ്രതികള്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് മതപരിവര്‍ത്തനമെന്നും മെറിന്‍റെ സഹോദരനെയും ഐ എസിൽ റിക്രൂട്ട് ചെയ്യാൻ ശ്രമം നടന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
Post Your Comments