അത്ലറ്റിക്സില് ഏതെങ്കിലും ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടുന്നയാള്‍ എന്ന ബഹുമതി ജാവലിന്‍ ഏറുകാരന് നീരജ് ചോപ്ര സ്വന്തമാക്കി. പോളണ്ടിലെ ബിഡ്ഗോസ്ക്സില് നടക്കുന്ന 20-വയസിനു താഴെയുള്ളവരുടെ ലോകചാമ്പ്യന്‍ഷിപ്പിലാണ് ജാവലിനില്‍ 18-കാരനായ ചോപ്ര സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 86.4-മീറ്റര്‍ തിരുത്തിക്കുറിച്ചു കൊണ്ടാണ് ചോപ്ര സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കിയത്. ഈ പ്രകടനം 20-വയസില്‍ താഴെയുള്ള വിഭാഗത്തിലെ ലോകറെക്കോര്‍ഡും കൂടിയാണ്
ഈ വര്‍ഷമാദ്യം ഗുവാഹട്ടിയില്‍ വച്ചുനടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലും ചോപ്ര ഇന്ത്യയ്ക്കായി സ്വര്‍ണ്ണമണിഞ്ഞിരുന്നു. അന്ന് 82.23-മീറ്ററാണ് ചോപ്ര എറിഞ്ഞത്. ഈ പ്രകടനത്തോടെ തന്നെ ജാവലിനില്‍ ഇന്ത്യയുടെ ഭാവിവാഗ്ദാനം എന്ന് ചോപ്ര അറിയപ്പെട്ടു കഴിഞ്ഞിരുന്നു.
ചോപ്ര എറിഞ്ഞ 86.48-മീറ്റര്‍ എന്ന ദൂരം ജാവലിന്‍ ത്രോ ഇനത്തിലെ ഈ വര്‍ഷത്തെ എട്ടാമത്തെ മികച്ച പ്രകടനമാണ്. ഈ പ്രകാനത്തോടെ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷ്റോണ്‍ വാല്‍കോട്ടിന്റെ ഈ വര്‍ഷത്തെ മികച്ച പ്രകടനത്തെ മറികടക്കാനും ചോപ്രയ്ക്ക് കഴിഞ്ഞു.
ചോപ്ര ഹരിയാനയിലെ ഖന്ദ്ര ഗ്രാമവാസിയാണ്. ഇത്ര മികച്ച പ്രകടനങ്ങള്‍ നടത്തിയാലും ചോപ്രയ്ക്ക് ഇന്ത്യയ്ക്കായി ഓഗസ്റ്റ് 5-ന് തുടങ്ങുന്ന റിയോ ഒളിമ്പിക്സില്‍ മത്സരിക്കാനാവില്ല. ഒളിമ്പിക് യോഗ്യതയ്ക്കായി പോളിഷ് തലസ്ഥാനമായ സിഗ്മുണ്ട സെലസ്റ്റയില്‍ മെയില്‍ നടന്ന യോഗ്യതയ്ക്കാവശ്യമായ ദൂരം കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്ന്നാണിത്.
Post Your Comments