ലത്തൂര്‍ ● മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാജി റാവു പാട്ടീൽ നിലങ്കേക്കറുടെ കൊച്ചുമകൻ സാംഭാജി പാട്ടീൽ നിലങ്കേക്കർ മഹാരാഷ്ട്രയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ശിവാജി റാവുവിന്റെ മൂത്തമകൻ ദിലീപ് പാട്ടീലിന്റെ മകനായ സാംഭാജി നിലങ്ക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 1999ൽ ദിലീപിന്റെ നിര്യാണത്തെത്തുടർന്നു സാംഭാജിയും അമ്മ രൂപതായിയും കുടുംബവുമായി തെറ്റി. തുടർന്ന് 2004ൽ അമ്മയും മകനും ബിജെപിയിൽ ചേർന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ് നേതാവ് ശിവാജി പാട്ടീലിനെ രൂപതായി പരാജയപ്പെടുത്തി. ഏഴു തവണ ലത്തൂരിൽ വിജയിച്ചയാളായിരുന്നു ശിവാജി പാട്ടീൽ. 2004ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ നിലങ്ക മണ്ഡലത്തിൽ ശിവാജി റാവു പാട്ടീലിനെ നേരിടാൻ ബിജെപി നിയോഗിച്ചത് കൊച്ചുമകൻ സാംഭാജി റാവുവിനെയായിരുന്നു. കടുത്ത പോരാട്ടത്തിൽ 2356 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 72കാരനായ മുത്തച്ഛനെ തോൽപ്പിച്ച് 27കാരനായ സാംഭാജി ചരിത്രം സൃഷ്ടിച്ചു. എന്നാൽ, 2009ൽ ശിവാജി റാവു 7594 വോട്ടിനു കൊച്ചുമകനെ തോൽപ്പിച്ച് പകരം വീട്ടി. 2014ൽ പിതൃസഹോദരൻ അശോക് പാട്ടീലിനെയാണു സാംഭാജി തോൽപ്പിച്ചത്. 27,511 വോട്ടായിരുന്നു ഭൂരിപക്ഷം.
1985–86 കാലത്താണ് ശിവാജി പാട്ടീല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്.
Post Your Comments