India

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ പകരക്കാരനെ കേന്ദ്രം പ്രഖ്യാപിച്ചു: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസിന്റെ കാലാവധി 6 മാസം

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്ക് സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നക്ക് നിയമനം നൽകി കേന്ദ്ര സർക്കാർ. നവംബർ പത്തിന് നിലവിലെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്നതിന് പിന്നാലെ നവംബർ 11-ന് സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖന്ന ചുമതലയേൽക്കും. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അംഗമായിരുന്നു.

കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി നിയമിച്ചെന്ന് വ്യക്തമാക്കിയത്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാ​ഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ ശുപാർശ ചെയ്തിരുന്നു. നിയമമന്ത്രാലയത്തിനുള്ള ശുപാർശക്കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.

2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13-നാണ് വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറുമാസം ഉണ്ടാകും. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആണ്.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തശേഷം ഡൽഹിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി.

shortlink

Post Your Comments


Back to top button