KeralaLatest News

വയനാട് ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 180 പേരെ: ദൗത്യസംഘം ഇന്നും തെരച്ചിൽ തുടരും

കൽപ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ദുരന്തത്തിൽ 380 പേർ മരിച്ചെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാവും തെരച്ചിലിന്റെ ഏഴാം ദിവസമായ ഇന്ന് ദൗത്യസംഘം തെരച്ചിൽ നടത്തുക.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചിൽ പുനരാരംഭിക്കും. വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ മുന്നിൽ തീരാ നോവായിരിക്കുകയാണ് വയനാട് മുണ്ടക്കൈ. ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ രാത്രി സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻറെ ഭൂമിയിലാണ് മൃതദേഹങ്ങൾ രാത്രി 10 മണിയോടെ സംസ്കരിച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് പിന്നീട് മന്ത്രി രാജൻ വാർത്താസമ്മേളനം നടത്തി അറിയിക്കുകയായിരുന്നു. സർവ്വമത പ്രാർത്ഥനയോടെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button