KeralaNews

ജിഷ കൊലക്കേസില്‍ ദുരൂഹതയേറുന്നു : കൊല നടക്കുമ്പോള്‍ വീടിനുള്ളില്‍ മറ്റൊരാളുടെ സാന്നിധ്യം

കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊല നടക്കുമ്പോള്‍ വീടിനുള്ളില്‍ മറ്റൊരാളുടെ സാന്നിധ്യം കൂടി വ്യക്തമാവുന്ന വിരലടയാളം കണ്ടെത്തി. മുറിക്കുള്ളില്‍ ജിഷ മീന്‍ വളര്‍ത്തിയിരുന്ന പ്ലാസ്റ്റിക് ജാറിലാണ് വിരലടയാളം കണ്ടത്. അമീറുല്‍ ഇസ്‌ലാം പിടിക്കപ്പെടുംവരെ കൊലയാളിയുടേതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്ന വിരലടയാളം അമീറിന്റേതല്ലെന്നു പരിശോധനയില്‍ വ്യക്തമായി.

കൊലപാതകത്തില്‍ അമീറല്ലാതെ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സൂചന നല്‍കുന്നതാണ് അജ്ഞാത വിരലടയാളം. ജിഷയെ കുത്തി വീഴ്ത്തിയത് അമീര്‍ തന്നെയാകാമെങ്കിലും വീടിനുള്ളിലുണ്ടായിരുന്ന സിമന്റ് കട്ട കൊണ്ടു ജിഷയെ ആക്രമിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ ഉണ്ടാകാനുള്ള സാധ്യതയിലേക്കു ഇതു വിരല്‍ചൂണ്ടുന്നു. മുറിക്കുള്ളില്‍ മൂന്നു സിമന്റ് കട്ട വീതം ഇരുവശത്തും അടുക്കി മുകളില്‍ നീളത്തിലുള്ള പലകയിട്ടാണു ജിഷയും അമ്മയും ബെഞ്ചായി ഉപയോഗിച്ചിരുന്നത്.

ആമ്പല്‍ ചെടി നട്ട് അതില്‍ ജിഷ മീന്‍ വളര്‍ത്തിയിരുന്ന പ്ലാസ്റ്റിക്ക് ജാര്‍ സിമന്റ് കട്ടയോടു ചേര്‍ത്താണു വച്ചിരുന്നത്. ജിഷയെ ആക്രമിക്കാന്‍ സിമന്റ്കട്ട എടുത്തയാളുടെ വിരലടയാളമാണു ജാറില്‍ പതിഞ്ഞതെന്നു സംശയിക്കുന്നു. സിമന്റ് പൊടിപടര്‍ന്ന രണ്ടു വിരലടയാളങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എടുത്തു മാറ്റിയ പൊലീസുകാരും നാട്ടുകാരുമടക്കം 5000 പുരുഷന്മാരുടെ വിരലടയാളങ്ങള്‍ ജാറിലെ വിരലടയാളവുമായി ഒത്തുനോക്കി. ഇവയൊന്നും പൊരുത്തപ്പെട്ടില്ല.

ഇതോടെ വിരലടയാളം കൊലയാളിയുടേതു തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാല്‍ അമീറിന്റെ എല്ലാവിരലുകളുടെയും അടയാളങ്ങള്‍ ഇതുമായി ഒത്തുനോക്കിയെങ്കിലും പൊരുത്തപ്പെട്ടില്ല. ഈ കേസില്‍ ഡി.എന്‍.എ സാംപിളുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ പ്രതി അമീറല്ലെന്നു കരുതാന്‍ വിരലടയാളങ്ങളുടെ പൊരുത്തമില്ലായ്മ വഴിയൊരുക്കുമായിരുന്നു. ജാറില്‍ നിന്നു കിട്ടിയ വിരലടയാളത്തിന്റെ ഉടമയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

വിരലടയാളം ആരുടേതാണെന്നു തിരിച്ചറിയാന്‍ അമീറിന്റെ മൊഴികള്‍ സഹായകരമാകുമെന്ന വിശ്വാസത്തിലാണ് അവര്‍. ജിഷയുടെ മൃതദേഹത്തിന്റെ സമീപത്തു കണ്ടെത്തിയ 16 മുടിയിഴകളില്‍ 14 എണ്ണം ജിഷയുടേതു തന്നെയാണ്. ഒരു മുടിയിഴ അമീറിന്റേതും മറ്റൊന്ന് ഏതോ മൃഗത്തിന്റേതുമാണെന്നു പരിശോധനയില്‍ വ്യക്തമായി. മുടിയിഴയടക്കം കൊലപാതകം നടന്ന വീട്ടില്‍ പ്രതി അമീറിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന അഞ്ചു ശാസ്ത്രീയ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു.

ജിഷയുടെ നഖത്തിന്റെ അടിയിലെ ചര്‍മ്മകോശം, മൃതദേഹത്തില്‍ പ്രതിയുടെ കടിയേറ്റ രണ്ടു പാടുകളുടെ പുറത്തു വസ്ത്രത്തില്‍ നിന്നു ശേഖരിച്ച ഉമിനീര്‍, വീടിന്റെ വാതിലില്‍ പുരണ്ട കൊലയാളിയുടെ രക്തം എന്നിവയാണു പ്രതി അമീറിന്റെ ഡിഎന്‍എയുമായി പൊരുത്തപ്പെട്ടത്. അമീറിന്റേതെന്നു പൊലീസ് കണ്ടെത്തിയ ചെരുപ്പുകളില്‍ ജിഷയുടെ രക്തം തിരിച്ചറിഞ്ഞതും ശക്തമായ തെളിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button