Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗിംഗ് ചെയ്ത സംഭവം ; കോളേജ് അധികൃതരുടെ വാദം പൊളിയുന്നു

കോഴിക്കോട് : കര്‍ണാടക ഗുല്‍ബര്‍ഗില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഫിനോള്‍ കുടിപ്പിച്ച് റാഗ് ചെയ്ത സംഭവത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് നാട്ടിലേയ്ക്കയച്ചതെന്ന കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. സംഭവം നടന്ന മെയ് ഒന്‍പതിന് ശേഷം കോളേജ് അധികാരികളില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും ഗുരുതര പിഴവുകള്‍ സംഭവിച്ചെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍.

ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം മറികടന്നാണ് കുട്ടിയെ ചികിത്സ പൂര്‍ത്തിയാക്കാതെ ഡിസ്ചാര്‍ജ്ജ് ചെയ്തതെന്ന് ബസവേശ്വര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശരണബസപ്പ ഹാരാവാള്‍ പറഞ്ഞു. പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫീനോള്‍ കുടിച്ചത് കാരണമുള്ള രോഗാവസ്ഥ പൂര്‍ണ്ണമായി മാറാതെയാണ് അധികൃതര്‍ കുട്ടിയെ നാട്ടിലേയ്ക്ക് അയച്ചത്. മെയ് ഒന്‍പതിന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ തുടര്‍ന്ന് വാര്‍ഡിലേയ്ക്ക് മാറ്റിയിരുന്നു. ശേഷം നടത്തിയ എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെങ്കിലും വിദ്യാര്‍ത്ഥിനിയുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മറികടന്നാണ് ഡിസ്ചാര്‍ജ്ജിന് അനുമതി നല്‍കിയതെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശരണബസപ്പ ഹാരാവാവ്യക്തമാക്കി.

കേരളത്തില്‍ നിന്ന് മാതാപിതാക്കള്‍ വരുന്നുണ്ടെന്നാണ് കുട്ടിയും, സുഹൃത്തുക്കളും പറഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശം മറികടന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് നല്‍കുകയായിരുന്നു. ആശുപത്രിയില്‍ നിന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായ രോഗിയില്‍ നിന്ന് മൊഴിയെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നും ഡോ.ശരണബസപ്പ പറഞ്ഞു. തുടര്‍ന്നും കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയക്കാതെ ആശുപത്രി ലാബില്‍ മാത്രമാണ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലുള്ള ലായനി പരിശോധനാ വിധേയമാക്കിയത്. ബെംഗളൂരു നഗരത്തില്‍ നിന്ന് 650 കിലോമീറ്റര്‍ ദൂരെയാണ് ഗുല്‍ബര്‍ഗ. ബെംഗളൂരുവിലേയ്ക്കും തുടര്‍ന്ന് നാട്ടിലേയ്ക്കും മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ സ്ഥിതി ഇതോടെ മോശമാകുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button