തിരുവനന്തപുരം : അഞ്ജുവിന്റെ രാജിയില്‍ പ്രതികരണവുമായി കായികമന്ത്രി ഇ.പി ജയരാജന്‍. അഞ്ജുവിന്റെ രാജിയില്‍ വളരെ സന്തോഷമെന്നും രാജിവെയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അവരുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തിയിട്ടുമില്ലെന്നും ജയരാജന്‍ പറഞ്ഞു.
അഞ്ജുവിന്റെ രാജിക്കാര്യം താന്‍ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. മാധ്യമങ്ങള്‍ അവിടെ നടക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടു വന്നതോടെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് അവര്‍ രാജിവെച്ചതെന്നും ജയരാജന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ എന്തെങ്കിലും അഴിമതിയുണ്ടായിരുന്നെങ്കില്‍ യുഡിഎഫ് അത് അന്വേഷിക്കില്ലെയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് അഴിമതിയുണ്ടെങ്കില്‍ അതില്‍ അന്വേഷണം അവശ്യമെന്ന് തോന്നിയാല്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ അഴിമതി മാത്രം എന്തിന് അന്വേഷിക്കണം? അതിന് മുന്‍പ് അഴിമതികള്‍ ഇല്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അഞ്ച് വര്‍ഷം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ ഇടതു കാലത്ത് അഴിമതി നടന്നിരുന്നുവെങ്കില്‍ അന്വേഷിക്കാതിരിക്കുമോ എന്നും ചോദിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പുതിയ ഭരണസമിതി അംഗങ്ങളെ പറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments