KeralaLatest NewsNews

ഭക്തജന തിരക്കിൽ ശബരിമല; മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നു, ക്യൂ നിൽക്കുന്നത് 8 മണിക്കൂറോളം!

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് മാറിയിരിക്കുകയാണ്. നിലവില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ദര്‍ശനം നടത്തുന്നുണ്ട്. മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നു. എട്ടുമണിക്കൂറിലധികം ക്യൂ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങുന്നത്. തിരക്ക് കണക്കിലെടുത്ത് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കണമെന്ന് സർക്കാരിനോട് നിർദേശിക്കാനായിരുന്നു പ്രത്യേക സിറ്റിങ്.

ശബരിമല സന്നിധാനത്ത് തീർഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് ആരോഗ്യവകുപ്പ് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഏർപ്പെടുത്തി. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്നാണ് നടപടി. നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

അതേസമയം, തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി അറിയിച്ചു. ഓണ്‍ലൈന്‍ ബുക്കിങ്, സ്പോര്‍ട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയിക്കണം എന്നും കോടതി അറിയിച്ചു. ഓണ്‍ലൈന്‍ വഴി 90000 പേര്‍ ബുക്കിങ് നടത്തുന്നുവെന്ന് പറഞ്ഞ കോടതി, ഈ സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ കഴിയുക 76,500 പേര്‍ക്ക് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ തിരക്കുള്ള സമയത്ത് ക്യൂ കോംപ്ലക്സ് വഴി ഭക്തരെ കടത്തിവിടണമെന്ന് കോടതിയുടെ നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാല്‍, വലിയതോതിലുള്ള ഭക്തജനത്തിരക്ക് വന്നതോടെ ഇതുകൊണ്ട് മാത്രം തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മുന്‍കൂട്ടി കണ്ടാണ് കോടതി പ്രത്യേക സിറ്റിങ് നടത്തിയത്. വരും ദിവസങ്ങളിലും തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചുകൂടേയെന്നും കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button