സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. അനീതിക്കെതിരെ നിയമ മാർഗ്ഗത്തിൽ പോരാട്ടം നടത്തുന്ന ബേബി ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്കാരം പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് ആർ ടി സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
തൻ്റെ റോബിൻ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദ്ദേശം നിലവിലുണ്ട്. എന്നാൽ പലയിടത്ത് തടഞ്ഞ് പിഴ ഈടാക്കി തന്നെ വേട്ടയാടുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് സർക്കാരിൻ്റെ ശ്രമം. വൻ തുക ദിനംപ്രതി ഈടാക്കി തന്നെ അടിയറവ് പറയിക്കാൻ സർക്കാർ സംവീധാനങ്ങൾ ദുരുപയോഗിക്കുകയാണെന്ന് ഗിരീഷ് പറഞ്ഞു.
സഹകരണ ബാങ്കുകൾ നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനം പൂട്ടിക്കെട്ടാൻ ഇവർ നിർദ്ദേശം നൽകുമോ എന്ന് ഗിരീഷ് ചോദിച്ചു. കെ എസ് ആർ ടി ഈരാറ്റുപേട്ട ഡിപ്പോ പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിയമാനുസൃതം സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിൽ കഴിയുന്നില്ല. സംരംഭങ്ങൾ നടത്താൻ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതു പരിഹരിച്ചു പ്രവർത്തനങ്ങൾ സുഗമമാക്കേണ്ട സർക്കാർ സംരംഭങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഗിരീഷ് പറഞ്ഞു. എന്തു പ്രകോപനം സൃഷ്ടിച്ചാലും ഗാന്ധിയൻ മാർഗ്ഗത്തിൽ മാത്രമായിരിക്കും തൻ്റെ പോരാട്ടമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. ജന്മനാട്ടിൽ ലഭിച്ച ശ്രേഷ്ഠകർമ്മ പുരസ്ക്കാരം തനിക്കു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments