കോഴിക്കോട്: കുറ്റിക്കാട്ടൂരിൽനിന്ന് കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെത്തി. ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനി സൈനബ(59)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന് ഇവരുടെ സുഹൃത്തായ മലപ്പുറം തിരൂർ സ്വദേശിയായ സമദ് എന്ന യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു. സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാന്റെ സഹായത്തോടെ സൈനബയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. സൈനബയുടെ കഴുത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ തട്ടിയെടുക്കാൻ വേണ്ടിയാണ് പ്രതികൾ ഈ കൃത്യം ചെയ്തത്.
നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞു. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ അവര്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതേത്തുടർന്നാണ് സമദിനെയും കൂട്ടി പൊലീസ് നാടുകാണി ചുരത്തിൽ പരിശോധന നടത്തിയത്.
Post Your Comments