ചാലക്കുടി: കൊരട്ടിയിൽ ആന്ധ്രയിൽ നിന്ന് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എറണാകുളം തൃക്കാക്കര നോർത്ത് വട്ടേക്കുന്നം പീച്ചിങ്ങപ്പറമ്പിൽ ഷമീർ ജെയ്നു(41)വിനെയാണ് അറസ്റ്റ് ചെയ്തത്.
ചാലക്കുടി ക്രൈം സ്ക്വാഡും ഡാൻസാഫും ചേർന്നാണ് പിടികൂടിയത്. തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെയുടെ നേതൃത്വത്തിൽ ഒരുമാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പജീറോ കാറിൽ കഞ്ചാവുമായി വരവേ പുതുക്കാട് വെച്ച് പൊലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ ലഹരിക്കടത്തുസംഘം അമിതവേഗതയിൽ ആറുവരിപാതയിലൂടെയും ഇടവഴികളിലൂടെയും പാഞ്ഞെങ്കിലും പൊലീസ് സംഘം കൊരട്ടിയിൽ ദേശീയപാത അടച്ചുകെട്ടുകയായിരുന്നു. പൊലീസിനെ കണ്ട് കാറിലുണ്ടായിരുന്ന മറ്റൊരാൾ കാർ നിർത്തുന്നതിനു മുമ്പേ ചാടി ഓടി രക്ഷപ്പെട്ടു.
ഉത്സവ സീസൺ മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ വിൽക്കാനായി ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് മാർക്കറ്റിൽ 25 ലക്ഷം രൂപ വില വരും. കാറിന്റെ ഡോറിനുള്ളിലും സീറ്റിനുള്ളിലും പ്രത്യേക രഹസ്യഅറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്.
Read Also : ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള് പറത്തി അമേരിക്ക
ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജ്, ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസ്, ഡാൻസാഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ, ഡാൻസാഫ് എസ്.ഐ വി.ജി. സ്റ്റീഫൻ, കൊരട്ടി എസ്.ഐമാരായ പി.ബി. ബിന്ദുലാൽ, ഷിഹാബ് കുട്ടശ്ശേരി, അഡീഷനൽ എസ്.ഐ കെ.ടി. തോമസ്, ചാലക്കുടി അഡീഷനൽ എസ്.ഐ റെജിമോൻ, ക്രൈം സ്ക്വാഡ്- ഡാൻസാഫ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും കൊരട്ടി സ്റ്റേഷനിലെ എ.എസ്.ഐമാരായ കെ.എ. ജോയി, കെ.സി. നാഗേഷ്, സി.എ. സഫീർ, സി.ടി. ഷിജോ, സീനിയർ സി.പി.ഒമാരായ കെ.എസ്. പ്രദീപ്, അലി, ശ്യാം പി. ആന്റണി, ടോമി വർഗീസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് എവിടെ നിന്നും കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും ഓടിപ്പോയ യുവാവിനെ പറ്റിയും പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments