India

റണ്‍വേയെന്ന് കരുതി വിമാനം റോഡില്‍ ഇറക്കാന്‍ ശ്രമിച്ചു

രണ്ട് ഇന്‍ഡിഗോ പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി ● റണ്‍വേ ആണെന്ന് തെറ്റിദ്ധരിച്ച്‌ പൈലറ്റുമാര്‍ ഇന്‍ഡിഗോ വിമാനം ജയ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള റോഡില്‍ ഇറക്കാന്‍ ശ്രമിച്ചു. ഫെബ്രുവരിയില്‍ നടന്ന സംഭവം ഇപ്പോഴാണ്‌ പുറത്തറിയുന്നത്. സംഭവത്തില്‍ കുറ്റക്കാരായ രണ്ട് പൈലറ്റുമാരെ ഡി.ജി.സി.എ (Directorate General of Civil Aviation) സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് രാജസ്ഥാനിലെ ജയ്‌പൂരിലേക്ക് വന്ന ഇന്‍ഡിഗോ 6E-237 വിമാനം ജയ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള റോഡില്‍ ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ചത്. ജയ്പൂരില്‍ ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്നോടിയായി ഓട്ടോപൈലറ്റ് മോഡ് ഓഫ് ചെയ്ത് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് റണ്‍വേയ്ക്ക് സമാന്തരമായി കിടക്കുന്ന റോഡ് കണ്ട് തെറ്റിദ്ധരിച്ച പൈലറ്റുമാര്‍ വിമാനം അവിടെ ഇറക്കാന്‍ നോക്കുകയായിരുന്നു. നിലത്തെത്താന്‍ ഒന്നര മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ EGPWS സംവിധാനം അപകട മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൈലറ്റുമാര്‍ വേഗം വിമാനം ഉയര്‍ത്തുകയും കുറച്ച് നേരം വട്ടമിട്ടുപറന്ന ശേഷം ജയ്‌പൂര്‍ വിമാനത്താവളത്തില്‍  സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

സുരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചത് മനസിലാക്കിയ ഇന്‍ഡിഗോ ഫ്ലൈറ്റ് സുരക്ഷാ വിഭാഗം സംഭവത്തില്‍ അന്വേഷണം നടത്തുകയും വിവരം സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷ അപകടത്തിലായിരുന്നില്ലെന്ന് ഇന്റിഗോ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ (വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍) ഇന്‍ഡിഗോ പ്രധാനമായും 180 സീറ്റുകളുള്ള എയര്‍ബസ് 320 ഇനത്തിലുള്ള വിമാനങ്ങള്‍ ഉപയോഗിച്ചാണ്‌ സര്‍വീസ് നടത്തുന്നത്. 108 വിമാനങ്ങള്‍ ഉപയോഗിച്ച് 40 നഗരങ്ങളിലേക്ക് പ്രതിദിനം 679 സര്‍വീസുകളാണ് കമ്പനി നടത്തുന്നത്.

ഈ മാസമാദ്യം ന്യൂഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വഡോദരയില്‍ ഇറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button