വാഷിങ്ടണ്‍: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ സന്ദര്‍ശിച്ചാണ് എഫ്ബിഐ ഏജന്റുമാര്‍ അവരുടെ ജീവന് അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു സംഭവം. അമേരിക്കന്‍ മാധ്യമമായ ദി ഇന്റര്‍സെപ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിജ്ജാര്‍ കൊല്ലപ്പെട്ടതിന് ശേഷം തനിക്കും കാലിഫോര്‍ണിയയിലെ മറ്റ് രണ്ട് സിഖ് അമേരിക്കക്കാര്‍ക്കും എഫ്ബിഐയില്‍ നിന്ന് കോളുകളും സന്ദര്‍ശനങ്ങളും ലഭിച്ചതായി അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ പ്രിത്പാല്‍ സിംഗ് ആണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍, ഈ വെളിപ്പെടുത്തലില്‍ ഇതുവരെ ഫെഡറല്‍ ഏജന്‍സി പ്രതികരിച്ചിട്ടില്ല.
ജൂണില്‍ നിജ്ജാര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് തങ്ങളുടെ ജീവന് അപകടത്തിലാണെന്ന് കനേഡിയന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഖാലിസ്ഥാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാരാസ് കൗണ്‍സില്‍ വക്താവ് മോനീന്ദര്‍ സിംഗ് പറഞ്ഞു.
നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവനായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജാര്‍. ജൂണ്‍ 18- ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് രണ്ട് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് നിജ്ജാര്‍ മരിച്ചത്. വിഷയത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചതോടെയാണ് സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Post Your Comments