ആലപ്പുഴ: തകര ഷീറ്റുകൊണ്ടുള്ള കൂരയ്ക്കുള്ളിൽ പിഞ്ചു മക്കളുമൊത്ത് ദുരിത ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശിനി മഞ്ജുവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ജുവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കൈത്താങ്ങായി സേവാഭാരതി രംഗത്തെത്തിയിരുന്നു. മഞ്ജുവിന് സേവാഭാരതി പുതിയ വീട് നിർമ്മിച്ച് നൽകും. ഇതിന് മുന്നോടിയായി മഞ്ജുവിനെയും കുട്ടികളെയും സേവാഭാരതി പ്രവർത്തകർ വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാരാരിക്കുളത്ത് ഒന്നാം വാർഡിലാണ് മഞ്ജുവിന്റെ താമസം. കീറിയ ടാർപായ കൊണ്ടുള്ള കൂരയ്ക്കുള്ളിൽ മൂന്ന് മക്കളുമൊത്ത് ആയിരുന്നു മഞ്ജു കഴിഞ്ഞിരുന്നത്. നിരവധി തവണ വീടിനായി സർക്കാർ സഹായം തേടിയെങ്കിലും ഫലം കണ്ടില്ല.
മഞ്ജുവിന്റെയും കുട്ടികളുടെയും ദുരിതം നേരിട്ട് കണ്ടറിഞ്ഞ സേവാഭാരതി പ്രവർത്തകർ അതിവേഗം വാടക വീട് സംഘടിപ്പിച്ചു. ഇതിന് പിന്നാലെ ഇവരെ അവിടേയ്ക്ക് മാറ്റുകയായിരുന്നു. വീടിന്റെ വാടകയും കുടുംബത്തിന്റെ മറ്റ് ചിലവുകളും സേവാഭാരതി തന്നെ വഹിക്കും. ഇതോടൊപ്പം മഞ്ജുവിന്റെ മക്കളുടെ വിദ്യാഭ്യാസവും സേവാഭാരതി ഏറ്റെടുക്കും.
Post Your Comments