ഹൈദരബാദ്: ആന്ധ്രപ്രദേശിൽ തേനീച്ചയുടെ കുത്തേറ്റ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. തൊട്ടിലിൽ ഉറങ്ങുമ്പോളാണ് മൂന്ന് വയസുകാരനെ തേനീച്ചകൾ ആക്രമിച്ചത്. അല്ലൂരി സീതാരാമരാജു ജില്ലയിലെ മാംപ മേഖലയിലെ പിറ്റാലപാഡിലാണ് സംഭവം. കുട്ടിക്ക് തേനീച്ചയുടെ കുത്തേൽക്കുമ്പോൾ സമീപത്ത് മുത്തശ്ശി ഉണ്ടായിരുന്നെങ്കിലും കേൾവിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചിൽ കേട്ടില്ലെന്നാണ് പൊലീസിനോട് ബന്ധുക്കള്‍ വിശദമാക്കിയത്.
വീടിന് സമീപത്തെ മരത്തില്‍ കെട്ടിയിരുന്ന തൊട്ടിലിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിനെ തേനീച്ച കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്ന സമയത്ത് കുഞ്ഞിന്റെ രക്ഷിതാക്കള്‍ സമീപത്തെ തോട്ടത്തില്‍ ആയിരുന്നു. ഇവർ സംഭവം അറിഞ്ഞില്ല. മടങ്ങിയെത്തിയപ്പോൾ തേനീച്ചകളുടെ കുത്തേറ്റ് അവശനിലയിലായ കുട്ടിയെ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അന്തിമ ചടങ്ങുകള്‍ കഴിഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. ഓഗസ്റ്റ് ആദ്യം റായ്പൂരിലെ അംഗനവാടിയില്‍ വച്ചുണ്ടായ തേനീച്ച ആക്രമണത്തില്‍ അഞ്ച് വയസുകാരന് മരിച്ചിരുന്നു. ഗൌരേല പെന്‍ട്ര മാർവാഹിയിലെ അംഗനവാടിയിലുണ്ടായ സംഭവത്തില്‍ മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
Post Your Comments