കടയ്ക്കൽ: പേപ്പട്ടിയുടെ ആക്രമണത്തിൽ കടയ്ക്കലിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. മടവൂർ ചരുവിള വീട്ടിൽ ശ്യാമള (46), കുമ്മിൾ പുതുക്കോട് ദിൽമ (14), നിലമേൽ നെട്ടയം കബീർ മൻസിലിൽ ഷീബ (47), കോവൂർ അശ്വതി ഭവനിൽ സരോജിനിയമ്മ (72), ഇടത്തറ ഉണ്ണി മന്ദിരത്തിൽ പ്രസന്നൻ (52), ആനപ്പാറ ഷാ നിവാസിൽ അഷ്റഫ് (60), ചെട്ടിയാരുകോണം ആമ്പാടിയിൽ ശ്രീയേഷ് (16), ബംഗാൾ സ്വദേശി ഉത്പൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.
ടൗണിലും പരിസര പ്രദേശങ്ങളിലുമായി വ്യാഴാഴ്ച വൈകീട്ടാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വൺവേ റോഡ്, ചന്തമുക്ക്, സീഡ്ഫാം ജങ്ഷൻ, ചെട്ടിയാരുകോണം എന്നിവിടങ്ങളിൽ വെച്ചാണ് ആളുകൾക്ക് കടിയേറ്റത്.
പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സീഡ് ഫാം ജങ്ഷനിൽ വെച്ച് പേപ്പട്ടിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, വൈകീട്ടോടെ വൺവേ റോഡിൽ വച്ചാണ് നാട്ടുകാർ പേപ്പട്ടിയെ കീഴടക്കിയത്.
പരിക്കേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments