തിരുവനന്തപുരം: ജിഎസ്ടി തർക്കപരിഹാരങ്ങൾക്കായി സംസ്ഥാനത്ത് ജിഎസ്ടി ട്രിബ്യൂണൽ അനുവദിച്ചു. ഡൽഹിൽ നടന്ന അമ്പതാമത് ജിഎസ്ടി കൗൺസിലിലാണ് ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യത്തിന് അനുമതി നേടിയെടുക്കാൻ കഴിഞ്ഞത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ബെഞ്ചുകൾ സ്ഥാപിക്കുക. രണ്ട് ജുഡീഷ്യൽ അംഗങ്ങളെയും രണ്ട് ടെക്നിക്കൽ അംഗങ്ങളെയുമാണ് പരമാവധി നിയമിക്കാനാകുക. ആദ്യഘട്ടത്തിൽ ഇരുബെഞ്ചിലും രണ്ട് അംഗങ്ങളുണ്ടാകും. കേസ് വർധിക്കുന്നതിനുസരിച്ച് അംഗങ്ങളുടെ എണ്ണവും വർധിപ്പിക്കും. അംഗങ്ങളുടെ വേതനമടക്കുള്ള കാര്യങ്ങളും അംഗീകരിച്ചു.
Read Also: റോഡുകളുടെ ശോച്യാവസ്ഥ: എഐ ക്യാമറയ്ക്ക് നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി
ജിഎസ്ടി വിവരങ്ങൾ കള്ളപ്പണനിരോധന നിയമവുമായി ബന്ധപ്പെടുത്തി ഇഡിക്ക് കൈമാറണമെന്ന കേന്ദ്ര വിജ്ഞാപനത്തെ സംസ്ഥാനം ശക്തമായി എതിർത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ നികുതിയേർപ്പെടുത്താനുള്ള നിർദേശം എതിർക്കപ്പെട്ടതോടെ മാറ്റിവച്ചു. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് അംഗീകാരം ലഭിച്ചു. എത്രരൂപവരെയുള്ള സ്വർണം കൊണ്ടുപോകാമെന്നതിൽ സംസ്ഥാന സർക്കാർ വൈകാതെ തീരുമാനമെടുക്കും.
സംസ്ഥാനത്തെ ലോട്ടറി മേഖലയെ ബാധിക്കാത്ത തരത്തിൽ കാസിനോ, ഓൺലൈൻ ഗെയിമിങ് തുടങ്ങിയവയ്ക്ക് മുഖവിലയുടെ 28 ശതമാനം നികുതി പിരിക്കാനുള്ള തീരുമാനം കൗൺസിലിൽ എടുപ്പിക്കാനും കേരളത്തിന് കഴിഞ്ഞു. സിനിമ തിയറ്ററിനുള്ളിൽ നൽകുന്ന ഭക്ഷണത്തിനുള്ള വിലകുറയും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൗൺസിൽ യോഗത്തിൽ സംസ്ഥാനം ഉന്നയിച്ചു.
Post Your Comments