ചെന്നൈ: പൗരന്മാർക്ക് മതത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒരു പൊതു നിയമം ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നിർദ്ദേശത്തെ എതിർത്ത് ദ്രാവിഡ മുന്നേറ്റ കഴകം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ആർട്ടിക്കിൾ 29 പ്രകാരം ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അവകാശത്തിനും ഏകീകൃത സിവിൽ കോഡ് വിരുദ്ധമായിരിക്കുമെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ വ്യക്തമാക്കി.
ദുരൈ മുരുകൻ നിയമ കമ്മിഷന് എഴുതിയ കത്തിലാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനെ എതിർക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ എല്ലാ വിഭാഗങ്ങളിലെയും പൗരന്മാരുടെ അവകാശങ്ങളിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാനത്തെ മതേതര ധാർമ്മികത, ക്രമസമാധാനം, എന്നിവയിൽ വിനാശകരമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും ദുരൈ മുരുഗൻ വ്യക്തമാക്കുന്നു.
ഓരോ മതവും അവരുടെ വിശ്വാസങ്ങൾക്കും മതഗ്രന്ഥങ്ങൾക്കും അനുസൃതമായി, നൂറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന തനതായ, വ്യതിരിക്തമായ ആചാരവും പാരമ്പര്യവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ അസ്വസ്ഥരാക്കുക എന്നതും സ്വേച്ഛാധിപത്യത്തിലുടെ അവരെ അടിച്ചമർത്തത്തരുതെന്നും ഡിഎംകെ നേതാവിന്റെ കത്തിൽ പറയുന്നു.
‘കേന്ദ്രം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് സംസ്ഥാനങ്ങൾക്ക് ഭരണഘടന പ്രകാരം നൽകുന്ന നിയമനിർമ്മാണ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകും. ന്യൂനപക്ഷ മതങ്ങളെ മാത്രമല്ല, ഭൂരിപക്ഷ മതങ്ങളിലെ ന്യൂനപക്ഷ ഉപവിഭാഗങ്ങളെയും ഇല്ലാതാക്കുക എന്നതിനപ്പുറം വ്യക്തിനിയമങ്ങൾക്കായി ഏകീകൃത സിവിൽ കോഡ് ചുമത്തുന്നതിന് വ്യക്തമായതും പ്രകടമായതുമായ ഉദ്ദേശ്യമൊന്നുമില്ല. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്കാരം എന്ന ആശയത്തിൽ ബിജെപി ആസക്തിയുള്ളവരാണ്. അതിനാലാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശത്തിലേക്ക് അവർ കടന്നിരിക്കുന്നത്,’ ദുരൈ മുരുഗൻ വ്യക്തമാക്കി.
Post Your Comments