കോട്ടയം ജില്ലയിൽ നാല് ദിവസം മുമ്പ് കാണാതായ യുവതിയെ പാലായിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി. വലവൂർ സ്വദേശിയും ലോട്ടറി വിൽപനക്കാരിയുമായ 31 വയസ്സുള്ള പ്രീതിയുടെ മൃതദേഹമാണ് വലവൂർ ഐഐടി പാലായ്ക്ക് സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു. നാല് ദിവസം മുമ്പ് യുവതിക്കൊപ്പം കാണാതായ വലവൂർ സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ പ്രകാശിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു ദിവസത്തെ ഇടവേളയിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ലോട്ടറി വിൽപനക്കാരനായ പ്രകാശ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ പ്രീതി പ്രകാശുമായി അഞ്ച് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രകാശ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. പ്രീതിക്ക് 13 ഉം നാലും വയസുള്ള രണ്ട് കുട്ടികളുണ്ട്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മൂത്ത കുട്ടിയെ പൊലീസ് സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിന് കൈമാറി. ഇളയകുട്ടി പ്രീതിയുടെ അമ്മയുടെ സംരക്ഷണയിലാണ്.പ്രീതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പ്രകാശിന്റെ സംസ്കാരം നടത്തി.
Post Your Comments