ആലപ്പുഴ: സിപിഎം പൊലീസിന് നല്കിയ പരാതിക്ക് പുല്ലുവില. വീണ്ടും വിമര്‍ശന പോസ്റ്റുമായി ചെമ്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്. നിഖില്‍ തോമസിന് തുല്യതാസര്‍ട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചത് കെ എച്ച്
ബാബുജനാണെന്ന് ഫേസ്ബുക്ക് പേജില്‍ ആരോപിക്കുന്നു. കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷന് തരപ്പെടുത്തിയതും ബാബുജന് തന്നെ. സിപിഎം പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചതും ബാബുജനാണെന്ന് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജ് ആരോപിക്കുന്നു. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് മനപ്പൂര്‍വ്വം ഒളിപ്പിക്കുകയാണ്. ഫോണ്‍ പരിശോധിച്ചാല്‍ ബാബുജനുമായുള്ള പങ്ക് വ്യക്തമാകും. ഒരുപാട് അഴിമതി കഥകള്‍ തെളിയുമെന്നും ഫേസ്ബുക്ക് പോസ്റ്റ് ആരോപിക്കുന്നു. മാന്യതയുടെ മുഖംമൂടിയണിഞ്ഞ കെ എച്ച് ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും പുതിയ പോസ്റ്റില്‍ ആരോപണമുണ്ട്.
ചെമ്പട കായംകുളം, കായംകുളത്തിന്റെ വിപ്ലവം എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കായംകുളത്തെ നേതാക്കളുടെ ഉറക്കം കെടുത്തുന്ന കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അടുത്ത കാലത്ത് പല നേതാക്കളും ഈ ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും വഴങ്ങാത്തെ വന്നതോടെയാണ് ഗ്രൂപ്പുകള്‍ക്കെതിരെ പാര്‍ട്ടി നിയമനടപടിക്കൊരുങ്ങിയത്. എന്നാല്‍, ഇതിന് പിന്നാലെയാണ് ചെമ്പട കായംകുളത്തിന്റെ പുതിയ പോസ്റ്റ്.
Post Your Comments