തൃച്ചി: മുസ്‍ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തതോടെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത് സഹോദരിമാർ. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. കൂടെ ജോലി ചെയ്യുന്ന സഹോദരന്മാരായ യുവാക്കളുമായി ഗായത്രിയും വിദ്യയും പ്രണയത്തിലായിരുന്നു. എന്നാൽ, പെൺകുട്ടികളുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതോടെയാണ് ഇവർ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
തങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സഹോദരിമാർ അവരുടെ കാമുകന്മാരുടെ മാതാവിനെ വിളിച്ച് അറിയിച്ചിരുന്നു. സഹോദരിമാരിൽ ഒരാൾ അവളുടെ കൈയിൽ സ്വന്തം പേര് പച്ച കുത്തിയിരുന്നു. മറ്റൊരാൾ ഇളയ സഹോദരന്റെ ഫോൺ നമ്പർ എഴുതിയിരുന്നു. മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ സഹോദരിമാർ ആത്മഹത്യ ചെയ്തതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
ഏതാനും വർഷങ്ങളായി തിരുപ്പൂർ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്‌സ്‌റ്റൈൽ മില്ലിൽ ജോലി ചെയ്യുകയായിരുന്നു യുവതികൾ. ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി ഇവർ പ്രണയത്തിലാവുകയായിരുന്നു. മാതാപിതാക്കൾ ഈ പ്രണയത്തെ എതിർത്തു. എന്നാൽ, വീട്ടുകാർ അറിയാതെ സഹോദരിമാർ ബന്ധം തുടർന്നു. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ മുസ്‍ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിർത്തു. ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിൽ പങ്കെടുക്കാന്‍ സ്വന്തം നാട്ടിലെത്തിയ യുവതികള്‍ ഫോണിൽ ഏറെ നേരം സംസാരിക്കുന്നത് മാതാപിതാക്കൾ കണ്ടു.
ഇപ്പോഴും മക്കൾ പ്രണയ ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കൾ നിലപാട് ആവർത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിറ്റേദിവസം രാവിലെ ഇരുവരും വീട്ടിൽ നിന്ന് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവതികള്‍ വീട്ടിൽ തിരിച്ച് എത്താതായതോടെ മാതാപിതാക്കളും ബന്ധുക്കളും തെരഞ്ഞു ഇറങ്ങി. വീട്ടിൽ നിന്ന് 400 മീറ്ററുകൾ മാത്രം അകലെയുള്ള കിണറ്റിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൊബൈൽ ഫോണുകൾ ലഭിച്ചത്. തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Post Your Comments