അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. യുവതിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തായിരുന്നു. പോലീസ് എത്തി യുവതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഭർത്താവ് തന്നെയാണ് എന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
വൈഫ് സ്വാപ്പിംഗിനെതിരെ പരാതി നൽകിയതിനെ തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. കറുകച്ചാലിൽ വൈഫ് സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട കേസിൽ യുവതി ഭർത്താവിനെതിരെ പോലീസിൽ മൊഴിയും നൽകിയിരുന്നു. ഈ കേസിന് ശേഷം ഇവർ പരസ്പരം അകന്നു കഴിയുകയായിരുന്നു.
മാസങ്ങളോളം ഭർത്താവുമായി പിരിഞ്ഞ് മക്കളോടൊപ്പം മാലത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. എന്നാൽ പിണക്കം മാറി ഇവർ അടുത്തിടെയാണ് വീണ്ടും അടുത്തത്. ഇതിനെ തുടർന്ന് ഇവർ പതിനാലാം മൈലിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ വീണ്ടും വൈഫ് സ്വാപ്പിങ്ങിനായി നിർബന്ധിക്കുകയായിരുന്നു. ഇത് എതിർത്തതോടെ പകയായി. ഇതോടെ യുവതി മക്കളെയും കൂട്ടി മാലത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. അതേസമയം, പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. കുടുംബ സുഹൃത്തുക്കൾ എന്ന വ്യേജേന വീടുകളിൽ ഒരുമിച്ച് കൂടി പങ്കാളികളെ പരസ്പരം പങ്കുവെക്കുന്ന രീതിയാണ് ഈ സംഘങ്ങൾക്കുള്ളത്.
ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സംഘത്തെ കോട്ടയത്ത് പിടികൂടിയ ശേഷം പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പരാതിക്കാരിയായ യുവതി പൊലീസിന് നൽകിയ മൊഴി ഭയാനകമാണ്. സ്വന്തം ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നാണ് യുവതി പറഞ്ഞിരുന്നത്. കോട്ടയം സ്വദേശിനിയായ 27 കാരിയായ യുവതി ഭർത്താവിന്റെ മനോവൈകൃതം മൂലം സഹികെട്ടാണ് പൊലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ 14-നവമാധ്യമ കൂട്ടായ്മകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കൂടുതൽ ആളുകൾ പരാതിയുമായി വരാത്തത് അന്വേഷണത്തെ വഴിമുട്ടിച്ചു. യുവതിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഒട്ടേറെ പങ്കാളികളുള്ള സമൂഹമാധ്യമകൂട്ടായ്മകൾ തിരിച്ചറിഞ്ഞു. പക്ഷേ പരാതികളൊന്നുമില്ല. നിലവിലെ നിയമപ്രകാരം പരാതി ഇല്ലാതെ കേസെടുക്കാനും കഴിയില്ലെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു.
യുവതിയുടെ ഭർത്താവിന്റെ ലാപ്ടോപ്പ്, മൊബൈൽഫോൺ എന്നിവ പരിശോധിച്ചപ്പോൾ പല വീഡിയോദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു. കേസിൽ ആറ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഗൾഫിൽ വൈഫ് സ്വാപ്പിങ്ങിന്റെ വലിയ മാഫിയ തന്നെയുണ്ടെന്നാണ് സൂചന. ഒരിക്കൽ ചെന്നുപെട്ടാൽ പിന്നീട് പുറത്ത് വരാൻ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവർത്തനം. ഇക്കാര്യം ഇപ്പോൾ പുറത്തുവന്ന അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്.
അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷമായിരുന്നു കൊല്ലപ്പെട്ട യുവതിയെ ഇയാൾ വിവാഹം കഴിച്ചത്. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. കുടുംബത്തെ ഓർത്ത് ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നു.
ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ വരുതിയിലാക്കി.
പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നത്. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു. താനും അതിന്റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്റെ ഭീഷണി.
രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് പരാതിയുമായി എത്തിയത്. ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മക്കളെ ഓർത്താണ് താൻ ജീവിക്കുന്നത്. ഭർത്താവിന്റെ നികൃഷ്ടമായ സെക്‌സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുടൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെ തകർത്തത്.
യുട്യൂബിലെ ശബ്ദരേഖയിലൂടെ യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോടു ചോദിച്ചറിഞ്ഞു. ഇതോടെ പരാതിയായി. കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന അന്തർസംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്ന സോഷ്യൽമീഡിയ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പിൽനിന്നു നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭർത്താവിനെത്തിയിരുന്നതെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments