മലപ്പുറം: വേങ്ങരയിൽ ഭർത്താവിനെ കഴുത്തുഞെരിച്ച് ഭാര്യ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൂട്ടുപ്രതിയായ കാമുകനെ പോലീസ് പിടികൂടിയത്. ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ 2023 ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ ബീഹാര്‍ സ്വാംപുര്‍ സ്വദേശി ജയ്പ്രകാശ് (27) ആണ് പിടിയിലായത്. ബീഹാറിൽ നിന്നാണ് ഇയാളെ വേങ്ങര പോലീസ് പിടികൂടിയത്.
30 വയസ്സുകാരി പൂനം ദേവിയാണ് കേസിലെ ഒന്നാം പ്രതി. കൊലപാതകം നടക്കുന്നതിനു തൊട്ടുമുന്‍പ് ഇരുവരും തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോള്‍ ലിസ്റ്റില്‍നിന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് പൊലീസിന് മനസിലായത്. പൂനം ദേവിയെ ചോദ്യം ചെയ്തതിലൂടെ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. ജയ്പ്രകാശിനെ തേടി പോലീസ് ബീഹാറിൽ എത്തിയെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് മൂന്ന് മാസത്തോളം വിശദമായി അന്വേഷണം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്.
ജനുവരി 31 ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിൻ്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിൽ കൊലപാതകം ആണെന്നും, ഭാര്യ തന്നെയാണ് പ്രതിയെന്നും പൊലീസിന് മനസിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി സമ്മതിച്ചു. ബീഹാർ സ്വദേശിയായ ജയ്പ്രകാശുമായി യുവതിക്കുള്ള അവിഹിതബന്ധം ഭർത്താവ് കണ്ടുപിടിച്ചു. വാട്സ്ആപ്പിലൂടെയുള്ള വീഡിയോ കോളുകളും മറ്റും പതിവായതോടെ ഭർത്താവ് പൂനത്തിന്റെ ഫോൺ രഹസ്യമായി പരിശോധിച്ചു. ലെെംഗികത നിറഞ്ഞ ചാറ്റുകൾ കണ്ടതോടെ സൻജിത്ത് ഇതു സംബന്ധിച്ച് ഭാര്യയുമായി വഴക്കായി. ഇതോടെയാണ് ഇയാളെ വകവരുത്താൻ പൂനം തീരുമാനിച്ചത്. കാമുകനാണ് വഴികൾ പറഞ്ഞുകൊടുത്തത്.
Post Your Comments