അബുദാബി: എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ മാറ്റാന്‍ ഫീസ് നല്‍കണമെന്ന് എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റി . ഐ.ഡിയില്‍ പതിച്ചിരിക്കുന്ന ഫോട്ടോ മാറ്റാന്‍ 150 ദിര്‍ഹമാണു നിരക്കു നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി പുതിയ കാര്‍ഡിന് അപേക്ഷിക്കുകയാണു ചെയ്യേണ്ടത്. ഒരു കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ 150 ദിര്‍ഹം അപേക്ഷകന് അടയ്ക്കണം. എന്നാല്‍ കാലാവധി തീര്‍ന്ന കാര്‍ഡുകള്‍ പുതുക്കുന്ന സമയത്താണു ഫോട്ടോ മാറ്റുന്നതെങ്കില്‍ അധികനിരക്ക് ഈടാക്കില്ലെന്ന് അധികൃതര്‍ വൃക്തമാക്കി. നിലവിലുള്ള കാര്‍ഡിലെ വിശദാംശങ്ങളില്‍ ഭേദഗതിവരുത്തേണ്ടവര്ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
വിവരങ്ങള്‍ തിരുത്തേണ്ടവര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം തൊട്ടടുത്ത ഐഡന്റിറ്റി അതോറിറ്റി കാര്യാലയത്തിലെത്തി ഫോട്ടോ എടുക്കുകയും വിരലടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് അധികൃതര്‍ വൃക്തമാക്കി. പുതിയ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നല്കിയ ഫോട്ടോയും വിലാസവും തന്നെ ആയിരിക്കും കാര്‍ഡ് പുതുക്കുമ്പോഴുമുണ്ടാവുക. വിലാസവും മറ്റും മാറിയിട്ടുണ്ടെങ്കില്‍ അക്കാര്യം അപേക്ഷയില്‍ വ്യക്തമാക്കണം. 15 വയസിനു മുകളിലുള്ളവര്‍ സേവനകാര്യാലയങ്ങളിലാണു ഫോട്ടോയെടുക്കേണ്ടത്. കാര്യാലയങ്ങളിലേക്ക് എത്താന്‍ സാധിക്കാത്ത പ്രായാധിക്യമുള്ളവര്‍, പ്രത്യേകപരിചരണം ആവശ്യമുള്ളവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഈ നിയമത്തില്‍ ഇളവുനല്‍കിയിട്ടുണ്ട്. അംഗീകൃത കാര്യാലയങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളാണ് ഇളവുലഭിക്കാനായി നല്‍കേണ്ടത്.
അവശരാണെങ്കില്‍ അതു തെളിയിക്കുന്ന വൈദ്യപരിശോധനാ ഫലം അപേക്ഷകനുമായി അടുത്തബന്ധമുള്ളര് സേവനകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. കടുംനീല നിറം പശ്ചാത്തലമായ ഫോട്ടോകളാണ് ഐഡികാര്ഡിനായി നല്‍കേണ്ടത്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ഇഐഡിഎ വെബ്സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്യണം. ഇപ്രകാരം നല്കുന്ന അപേക്ഷകളിലെ പടത്തിന് അവ്യക്തതയോ വിലാസം അപൂര്‍ണമോ ആണെങ്കില്‍ അപേക്ഷകര്‍ക്കു മൊബൈല്‍ സന്ദേശം അയയ്ക്കും. ഇതിന് അനുസരിച്ചു സമര്‍പ്പിക്കപ്പെട്ട അപേക്ഷകളിലെ പോരായ്മകളുണ്ടെങ്കില്‍ നികത്തണമെന്നാണു നിര്‍ദേശം.
ടൈപ്പിങ് സമയത്ത് സേവനത്തിന്റെ ഇനം തിരഞ്ഞെടുത്തതിലെ അപാകത, സ്കാന്‍ ചെയ്തു നല്കിയ രേഖകളിലെ അവ്യക്തത, കൂടെ സമര്‍പ്പിച്ച ഫൊട്ടോയും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, അപേക്ഷകന്റെ പാസ്പോര്‍ട്ടിലെ വിവരങ്ങളും അപേക്ഷയിലെ വിവരങ്ങളും വ്യത്യസ്തമാകുക, വിസ വിവരങ്ങള്‍ അവ്യക്തമാവുക, തെറ്റായ തപാല്‍, ടെലിഫോണ്‍ നമ്പരുകള്‍ നല്‍കുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഐഡി കാര്‍ഡ് ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കാം എന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അപാകതകള്‍ ഒഴിവാക്കാന്‍ ടൈപ്പിങ് സെന്ററുകളെ ആശ്രയിക്കാതെ തന്നെ അപേക്ഷ രൂപപ്പെടുത്താന്‍ വെബ്സൈറ്റ് വഴി സാധിക്കും. സ്മാര്‍ട്ട്ഫോണ്‍ വഴിയും അപേക്ഷ അയയ്ക്കാനാകും. രാജ്യാന്തര നിലവാരത്തില്‍ പുറത്തിറക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള സുപ്രധാന രേഖയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ സ്വദേശിവിദേശി വ്യത്യാസമില്ല എല്ലാവര്ക്കും ഒട്ടേറെ ഗുണങ്ങളുള്ളതാണ് യുഎഇ ഐഡി കാര്‍ഡ്. സുരക്ഷിതവും സൂക്ഷ്മവുമായ രീതിയില്‍ ഡേറ്റാ സൂക്ഷിക്കുന്നതിനാല്‍ വ്യാജകാര്‍ഡുകള്‍ പുറത്തിറക്കാനാകില്ല. ഭാവിയില്‍ കൂടുതല്‍ വിശാദാംശങ്ങള്‍ കാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.
Post Your Comments