Latest NewsKeralaNews

പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മും: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മുമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ നിയമം നടപ്പാക്കേണ്ട പോലീസ്, അതും നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സർക്കാരിന്റെ കാലത്ത് എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധർമ്മടത്ത് കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: സ്റ്റേഷനിലെത്തിയ ഹൃദ്രോഗിയായ വയോധികയെ ലാത്തികൊണ്ട് കുത്തി, വലിച്ചിഴച്ചു; സി.ഐക്കെതിരെ കേസെടുത്തു

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നിയമസഭാ മണ്ഡലമാണിത്. വിഷു ദിനത്തിൽ വൃദ്ധമാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ധർമ്മടം എസ്എച്ച്ഒ ക്രൂരമായാണ് മർദ്ദിച്ചത്. സ്റ്റേഷൻ ചുമതലയുള്ള ഈ ഉദ്യോഗസ്ഥൻ ഇവരുടെ കാറും തല്ലിത്തകർത്തു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുമുണ്ട്. ധർമ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല. തൃപ്പൂണിത്തുറയിലും എറണാകുളം നോർത്തിലും സമീപകാലത്ത് ക്രൂരമായ പോലീസ് മർദ്ദനങ്ങളുണ്ടായി. കളമശേരിയിൽ ജനപ്രതിനിധികളെ ഉൾപ്പെടെ കയ്യേറ്റം ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാരിനും സി.പി.എമ്മിനും വേണ്ടപ്പെട്ടവർ എത്ര വലിയ ക്രിമിനൽ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് എൽഡിഎഫ് സർക്കാർ ധർമ്മടത്തും നടപ്പാക്കുന്നത്. ക്രിമിനൽ മനസുള്ള ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാനുള്ള ലൈസൻസ് നൽകുന്നത് സർക്കാരും പാർട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ സേനയിൽ ഒരു നിയന്ത്രണവുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ധർമ്മടം എസ്എച്ച്ഒ ലാത്തിയുമായി ഉറഞ്ഞുതുള്ളുന്നതിന്റെയും വൃദ്ധമാതാവിനെ അസഭ്യം വിളിക്കുന്നതിന്റെയും വിഡിയോ പുറത്ത് വന്നിട്ടുണ്ട്. എസ്എച്ച്ഒ കെ വി സ്മിതേഷിനെ സസ്പെൻഡ് ചെയ്ത് കേസെടുത്തെങ്കിലും ജാമ്യം കിട്ടാവുന്ന ദുർബലമായ വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ എന്ത് സന്ദേശമാണ് ആഭ്യന്തര വകുപ്പും സർക്കാരും ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read Also: പ്രതികാരം അത് വീട്ടാനുള്ളതാണ്! ‘ഈ ജയത്തിന് ഒരു പ്രതികാരത്തിന്റെ കഥയുണ്ട്, ഞങ്ങളുടെ മനസ്സിൽ അതായിരുന്നു’: ഹെറ്റ്മെയർ

shortlink

Related Articles

Post Your Comments

Related Articles


Back to top button