വിദ്യാര്‍ത്ഥികള്‍ അയച്ചുകൊടുത്ത ഈ വിഷുക്കൈനീട്ടം ഉമ്മന്‍ ചാണ്ടിയെ ഇരുത്തിച്ചിന്തിപ്പിയ്ക്കും.
താന്‍ ഗാന്ധിയനാണെന്ന് ഊറ്റംകൊള്ളുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’മനസ്സിരുത്തി വായിക്കണമെന്ന് പുതുതലമുറയുടെ ഓര്‍മപ്പെടുത്തല്‍. ഇതിനായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥ ഇനിയുള്ള ദിവസങ്ങളില്‍ തപാലിലൂടെ മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തും.
എതിര്‍സ്ഥാനാര്‍ഥിയായ ഉമ്മന്‍ചാണ്ടിക്ക് താന്‍ നല്കാന് ഉദ്ദേശിക്കുന്ന വിഷുക്കൈനീട്ടം മഹാത്മാഗാന്ധിയുടെ ആത്മകഥയാണെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക്ക് സി തോമസ് വിഷുദിനത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ആത്മകഥ അയച്ചു കൊടുക്കാന്‍ തീരുമാനിച്ചത്.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശ’മെന്ന് പ്രഖ്യാപിച്ച മഹാത്മാഗാന്ധിയുടെ ആത്മകഥ വായിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പുസ്തകം അയച്ചതെന്ന് പാമ്പാടി ഗവണ്മെന്റ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ജെയ്ക്ക് സി തോമസിന്റെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം വൈറലായി. അഴിമതി ആരോപണങ്ങളില്‍ നട്ടംതിരിയുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതില്‍പ്പരം നല്ല ഒരു വിഷുക്കൈനീട്ടം നല്‍കാനില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പലരുടെയും പ്രതികരണം.
Post Your Comments