ശ്രീരാമന്റെ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യാൻ അവസരം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. മതപരമായ വിനോദസഞ്ചാര പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ശ്രീ രാമായണ യാത്ര’യ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ പുണ്യ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാരത് ഗൗരവ് ട്രെയിനിന്റെ ആദ്യ യാത്ര കേന്ദ്ര വിദേശകാര്യ, സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഫ്ലാഗ് ഓഫ് ചെയ്തു.
അയോധ്യ, നന്ദിഗ്രാം, ജനക്പൂർ, സീതാമർഹി, ബക്സർ, വാരണാസി, പ്രയാഗ് രാജ്, ശ്രിംഗ്വേർപൂർ, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം, ഭദ്രാചലം, നാഗ്പൂർ തുടങ്ങി ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും ട്രെയിൻ കടന്നുപോകും. 18 പകലും, 17 രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയാണിത്. ഇതിനായി ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനുകളിൽ എസി-ഐ, എസി-2 കോച്ചുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരേസമയം 120 യാത്രക്കാർക്ക് ട്രെയിനിൽ യാത്ര ചെയ്യാനാകും. ഗാസിയാബാദ്, അലിഗഡ്, തുണ്ഡ്ല, ഇറ്റാവാ, കാൺപൂർ, ലഖ്നൗ എന്നീ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് ട്രെയിനിൽ കയറാവുന്നതാണ്.
Post Your Comments