ഡൽഹി: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ദേശിയ ഗുസ്തി ഫെഡറേഷൻ. വ്യക്തി താൽപര്യങ്ങളും ഹിഡൻ അജൻഡയുമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ കത്തിൽ ഫെഡറേഷൻ പറഞ്ഞു. പൊതുജനങ്ങൾക്കിടയിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയാണെന്നും കത്തിൽ പറയുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെയാണ് താരങ്ങൾ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്.
ഈ പ്രതിഷേധം ഗുസ്തിക്കാരുടെ മികച്ച താൽപ്പര്യത്തിനോ ഇന്ത്യയിൽ നല്ല ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനോ വേണ്ടിയല്ല. എന്നാൽ ഡബ്ല്യുഎഫ്ഐയുടെ നിലവിലെ ഏറ്റവും മികച്ചതും കർശനവുമായ മാനേജ്മെന്റിനെ പുറത്താക്കാൻ വേണ്ടിയുള്ള വ്യക്തിപരമായ താൽപ്പര്യത്തിന്റേയും ഹിഡൻ അജണ്ടയുടേയും ഭാഗമാണിത്.
കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായുള്ള ചർച്ചയ്ക്കൊടുവിലാണ് ഗുസ്തി താരങ്ങളുടെ മൂന്നു ദിവസത്തെ സമരം ഒത്തുതീർപ്പായത്. താരങ്ങൾ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂർ അറിയിച്ചു. വിഷയത്തിൽ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ഇക്കാലയളവിൽ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ക്കും സമിതി മേൽനോട്ടം വഹിക്കും. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷണ് അധ്യക്ഷ സ്ഥാനത്ത് നിന്നു മാറിനിൽക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments